ഡ്രൈനേജിൻ്റെ സ്ലാബ് പൊട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നു; അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് വടകരയിൽ കെ.സി.വൈ.എം പ്രതിഷേധം


വടകര: ഡ്രൈനേജിൽ നിന്നും മലിനജലം പുറത്തേക്കൊഴുകുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സി.വൈ.എം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വടകര സെയ്റ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൻറെ മുന്നിലുള്ള ഓടയിൽനിന്ന് ദുർഗന്ധം വമിക്കുന്ന ജലം പുറത്തേക്കുവരുന്നത് തുടർക്കഥയായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കെ.സി.വൈ.എം നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തിയത്.

ഇടവകാംഗങ്ങൾ പങ്കെടുത്ത പ്രതിഷേധ സംഗമം വികാരി ഫാ. ഫ്രാൻസിസ് വെളിയത്തുപറമ്പിൽ ഉദ്ഘാടനംചെയ്തു. രണ്ട് സ്ലാബ് നീക്കി നഗരസഭ തടസ്സം നീക്കിയിരുന്നുവെങ്കിലും കോൺക്രീറ്റ് പൊട്ടിയതിനാൽ മലിനജലം ഓടയിൽനിന്ന് പുറത്തേക്കുവരുന്നത് തുടരുന്നുണ്ട്. ഉയർത്തിയ സ്ലാബ് തിരികെസ്ഥാപിച്ചപ്പോൾ നടപ്പാത പലതട്ടായി. ഇത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു.

സെയ്ന്റ് ആന്റണീസ് സ്കൂ‌ളിലെ കുട്ടികളും ഒത്തിരി വഴിയാത്രക്കാരും കടന്നുപോകുന്ന ഈ നടപ്പാതയിലെ അപാകം നീക്കി പ്രശ്നം പരിഹരിക്കണമെന്ന് കെ.സി.വൈ.എം നഗരസ്ഭ അധികാരികളോട് ആവശ്യപ്പെട്ടു.