‘നിങ്ങള് വീട്ടിലിരുന്ന് ചെറിയ ടാസ്‌കുകള്‍ ചെയ്യ്, പൈസ അക്കൗണ്ടില്‍ ഇടാം’; ‘വര്‍ക്ക് ഫ്രം ഹോം’ ജോലി ലിങ്കില്‍ എടുത്ത് ചാടി ക്ലിക്ക് ചെയ്യല്ലേ, പണി കിട്ടുമെന്ന് കേരള പോലീസ്‌


കോഴിക്കോട്: വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം…! ഒരിക്കലെങ്കിലും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടവരായിരിക്കും നമ്മള്‍. ചിലപ്പോഴേക്കെ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാനും ശ്രമങ്ങള്‍ നടത്തിയുണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഫോണിലേക്ക് വന്നാല്‍ എടുത്തുചാടി പണമുണ്ടാക്കാനായി പോവരുതെന്ന് മുന്നറിയിപ്പ്‌ നല്‍കിയിരിക്കുകയാണ് കേരള പോലീസ്.

മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കമെന്നും ഇത്തരം വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇത്തരത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. ഇത്തരം വ്യാജജോലിവാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക.

മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകുമെന്നു പറയുകയും അതനുസരിച്ച് പണം നൽകുകയും ചെയ്യുന്നു. പറഞ്ഞ പണം യഥാസമയം കിട്ടിയതിൽ ആകൃഷ്ടനായ ഇര കൂടുതൽ പണം മുടക്കാൻ തയ്യാറാകുന്നു. ഇര വലയിൽ വീണെന്ന് മനസ്സിലാക്കുന്ന തട്ടിപ്പുകാർ, ടാസ്‌കിൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Follow KERALA POLICE Whatsapp Channel: https://whatsapp.com/channel/0029VaGkRxoD8SE0GjvKQn2s

Description: Don't jump and click on the 'work from home' job link