ശരീരത്തിലെ വേദനകളും നീരും അവഗണിക്കരുത്; നീർക്കെട്ട് നിസ്സാരക്കാരനല്ല
ശരീരത്തിൽ നീർക്കെട്ട് അഥവാ വീക്കം ഉണ്ടാക്കുക വളരെ സാധാരണമായ കാര്യമാണ്. പരിക്കോ അണുബാധയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ ഉണ്ടാകുമ്പോൾ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ സ്വാഭാവിക പ്രതിരോധമാണത്. ശരീരത്തിലെ വേദനകളും നീരും അവഗണിക്കരുത്. നീർക്കെട്ട് നിസ്സാരക്കാരനല്ല. തിരിച്ചറിയാം 5 ലക്ഷണങ്ങളിലൂടെ. വളരെ പെട്ടെന്ന് വന്നുപോകുന്ന നീർക്കെട്ടുകൾ ഉണ്ട്. അതുപോലെ ദീർഘകാലം നീണ്ടുനിൽക്കുന്ന നീർക്കെട്ടുകളും ഉണ്ട്.
വേദന
വേദന തന്നെയാണ് നീർക്കെട്ടിന്റെ ഏറ്റവും പ്രകടമായ ലക്ഷണം. നീർക്കെട്ട് ഉള്ള സ്ഥലത്ത് വിട്ടുമാറാത്ത വേദനയോ അല്ലെങ്കിൽ തൊടുമ്പോൾ മാത്രമേ വേദന തോന്നാം. പ്രശ്‌നമുള്ള സ്ഥലം കൂടുതൽ സചേതനമാകാൻ അവിടുത്തെ നാഡികളെ ഉത്തേജിപ്പിക്കാൻ ശരീരം രാസവസ്തുക്കളെ അയക്കുന്നത് കൊണ്ടാണ് അവിടെ വേദന അനുഭവപ്പെടുന്നത്. കടുത്ത, കുറച്ചുകാലം മാത്രമുള്ള വേദന പെട്ടെന്ന് മാറുന്ന പരിക്കുകളിലാണ് ഉണ്ടാകുക. എന്നാൽ വാതം പോലുള്ള രോഗാവസ്ഥകളിൽ വേദന കാലങ്ങളോളം നിലനിൽക്കും. സാധാരണയായി പരിക്ക് പറ്റിയ സ്ഥലത്ത് മാത്രമാണ് വേദന തോന്നുകയെങ്കിലും വളരെ അപൂർവ്വമായി അടുത്ത സ്ഥലങ്ങളിലേക്കും അത് വ്യാപിക്കാറുണ്ട്.
ചുവപ്പ്
ശരീരത്തിലെ ഒരു ഭാഗത്ത് നീർക്കെട്ട് വന്നാൽ, ആ സ്ഥലം ചുവന്ന നിറത്തിലാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. കൂടുതൽ പ്രതിരോധ കോശങ്ങൾ അവിടേക്ക് എത്തുന്നതിനായി ആ സ്ഥലത്തെ രക്തക്കുഴലുകൾ വികസിക്കുകയും കൂടുതൽ രക്ത ഒഴുക്ക് ഉണ്ടാകുകയും ചെയ്യുന്നതിന്റെ ഫലമായാണ് ചുവന്ന നിറം വരുന്നത്. കീടാണുക്കളോട് പൊരുതാനും കേശങ്ങളുടെ തകരാറുകൾ പരിഹരിക്കാനും ഈ പ്രക്രിയ സഹായിക്കുന്നു. മുറിവ്, അണുബാധ പോലെ ഹ്രസ്വകാല നീർക്കെട്ട് ആണെങ്കിൽ വളരെ വേഗം സ്ഥലം ചുവക്കും. സുഖപ്പെടുന്നത് അനുസരിച്ച് ചുവപ്പ് കുറയുകയും ചെയ്യും. എന്നാണ് ദീർഘകാല നീർക്കെട്ട് ആണെങ്കിൽ സ്ഥിരമായ ചുവപ്പ് അവിടെ ഉണ്ടാകും. സോറിയാസിസ്, റുമറ്റോയിഡ് ആർത്രൈറ്റിസ് എന്നിവയെല്ലാം ഉദാഹരണമാണ്
നീര്
നീര് നീർക്കെട്ടിന്റെ സുപ്രധാന ലക്ഷണമാണ്. പ്രദേശത്തെ കോശകലകളിൽ ദ്രവങ്ങൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് നീരം ഉണ്ടാകുന്നത്. നീര് ഉണ്ടായ സ്ഥലത്ത് തടിപ്പ് ഉണ്ടാകാം. സുഖപ്പെടുന്നതിനായി ആ സ്ഥലത്തേക്ക് പ്ലാസ്മ പ്രോട്ടീനുകളും പ്രതിരോധ കോശങ്ങളും കൂടുതലാി ലന്നെത്തുന്നതും തടിപ്പിന് കാരണമാകും. നീര് ഉണ്ടാകുമ്പോൾ അസ്വസ്ഥതയും മരവിപ്പും അനുഭവപ്പെടാം.
താപം
നീർക്കെട്ടിന്റെ ഒരു ലക്ഷണമാണ് താപം. ചുവന്നുതടിക്കുന്നതിനൊപ്പം അവിടെ ചൂടും അനുഭവപ്പെടാറുണ്ട്. ഇവിടേക്ക് കൂടുതലായി രക്തം വന്നെത്തുന്നത് കൊണ്ടാണ് ചൂട് തോന്നുന്നത്. മുറിവുകളോ മറ്റ് പരിക്കുകളോ വന്നാൽ ഐസ് വെക്കുന്നതിന്റെ ഒരു കാരണം ഇതാണ്. അണുബാധ കൊണ്ടുള്ള നീർക്കെട്ടിന് പനിയും ഉണ്ടാകാം. ശരീരം രോഗാണുവിനെതിരെ പോരാടുന്നു എന്ന സൂചനയാണ് ഇത് നൽകുന്നത്. ബാക്ടീരിയയ്ക്കും വൈറസിനും അനുകൂലമല്ലാത്ത സാഹചര്യം സൃഷ്ടിക്കാനാണ് ഇവിടെ ശരീരം ശ്രമിക്കുന്നത്.
ചലിപ്പിക്കാൻ ബുദ്ധിമുട്ട്
നീർക്കെട്ട് കാരണം ശരീരത്തിലെ ആ മേഖല ചലിപ്പിക്കാൻ കഴിയാതെ വരികയോ പ്രവർത്തിപ്പിക്കാൻ കഴിയാതെ വരികയോ ചെയ്യും. ഉദാഹരണത്തിന് സന്ധികളിൽ നീർക്കെട്ട് വന്നാൽ ആ ഭാഗത്തിന്റെ ചലനം സാരമായി ബാധിക്കപ്പെടും. ശ്വാസകോശത്തിൽ നീർക്കെട്ട് വന്നാൽ ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. ഏറെക്കാലം നീണ്ടുനിൽക്കുന്ന നീർക്കെട്ട് കൈകാലുകളുടെ ശേഷിക്കുറവ് സ്ഥിരമായ ക്ഷീണം പോലുള്ള സ്ഥായിയായ തകരാറുകളിലേക്കും നയിച്ചേക്കും. അതുകൊണ്ട് ഇത്തരം നീർക്കെട്ടുകൾ നേരത്തെ തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ടത് പ്രധാനമാണ്.
നീർക്കെട്ടിന്റെ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ തിരിച്ചറിയുകയും അതിന് പിന്നിലുള്ള യഥാർത്ഥകാരണം കണ്ടെത്തുകയും ചെയ്യുന്നത് നീർക്കെട്ട് മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കും. പെട്ടന്നുണ്ടാകുന്ന കടുത്ത നീർക്കെട്ട് ചികിത്സയിലൂടെ മാറ്റാം. എന്നാൽ ഏറെക്കാലം നിലനിൽക്കുന്ന നീർക്കെട്ട് മാറാൻ ജീവിതശൈലി മാറ്റങ്ങളും ഭക്ഷണക്രമീകരണവും ആവശ്യമായി വരും. നീർക്കെട്ട് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന സ്ഥിതി വന്നാൽ തീർച്ചയായും ഡോക്ടറെ കണ്ട് പരിഹാരം തേടുക.