പല്ലുതേയ്ക്കാൻ ബ്രഷിൽ നിറയെ ടൂത്ത് പേസ്റ്റ് എടുക്കുന്നവരാണോ? ഇനി അത് വേണ്ട; വായയുടെ ആരോഗ്യത്തിനായി ചില ടിപ്സ്
ആഗോളതലത്തിൽ വായിലെ രോഗങ്ങൾ മൂലം മുന്നൂറുകോടിയിലേറെ പേർ വലയുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നു. 1990 മുതൽ 2019 വരെ മാത്രം വായിലെ രോഗങ്ങൾ മൂലം ദുരിതം അനുഭവിക്കുന്നവർ നൂറുകോടിയിലധികമായിട്ടുണ്ട്. വായയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുമ്പോൾ ഒരാളുടെ ആത്മവിശ്വാസത്തെയും വർധിപ്പിക്കാൻ സാധിക്കുന്നതാണ്.
അമിത മധുരത്തിന്റെ ഉപയോഗം, പുകയില ഉപയോഗം, ദന്തശുചിത്വം ഇല്ലായ്മ, മദ്യോപയോഗം തുടങ്ങിയവയാണ് വായിലുണ്ടാകുന്ന പലരോഗങ്ങൾക്കും പിന്നിൽ. അതിനാൽ വായുടെ ആരോഗ്യം സംരക്ഷിക്കാൻ ഇതാ ചില ടിപ്സ്

.ആറുമാസത്തിലൊരിക്കൽ നിർബന്ധമായും ദന്തപരിശോധന നടത്തണം.
.രാവിലെ ഭക്ഷണത്തിന് മുൻപും വൈകുന്നേരം ഭക്ഷണത്തിന് ശേഷവും പല്ല് തേയ്ക്കണം. മുകളിൽ നിന്ന് താഴേക്കും തിരിച്ചുമാണ് പല്ല് തേയ്‌ക്കേണ്ടത്.
.പല്ലുതേയ്ക്കാൻ ബ്രഷിൽ നിറയെ പേസ്റ്റ് എടുക്കരുത്. പയറുമണിയോളം മാത്രമേ എടുക്കാവൂ
.നാക്ക് വൃത്തിയാക്കാൻ ബ്രഷിന്റെ ബ്രിസിലുകൾ ഉപയോഗിക്കാം
.വായിലെ വരൾച്ച നിയന്ത്രിക്കാൻ ധാരാളം വെള്ളം കുടിക്കണം
.രാത്രി പല്ല് വൃത്തിയാക്കിയതിനുശേഷം വെള്ളമല്ലാതെ മറ്റൊന്നും കഴിക്കാതിരിക്കുക.
.അമ്ല രസമുള്ള ഭക്ഷണം കഴിച്ചയുടൻ പല്ല് ബ്രഷ് ചെയ്യാതിരിക്കുക. ഇനാമൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
.പല്ല് വരുന്ന പ്രായം മുതൽ കുട്ടികളിലെ ദന്തപരിചരണത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. അതിനായി വിദഗ്ധ ഡോക്ടർമാരുടെ സഹായം തേടാം.
.ദന്തക്ഷയം തുടക്കത്തിലെ ചികിത്സിക്കണം. രോഗം തിരിച്ചറിയാൻ എത്രത്തോളം നേരത്തെ സാധിക്കുന്നുവോ അത്രത്തോളം ഫലപ്രദമായി ചികിത്സിക്കാനാവും.
.സ്വയം ചികിത്സ ആപത്താണ് ഡോക്ടറെ കണ്ടതിനു ശേഷം മാത്രം മരുന്നുകൾ കഴിക്കുക.