തോന്നിയതുപോലെ ആന്റിബയോട്ടിക് കഴിക്കല്ലേ, പണി കിട്ടും! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


വേണ്ടതിനും വേണ്ടാത്തതിനും തോന്നിയതുപോലെ മരുന്ന് കഴിക്കുന്ന ഒരാള്‍ നമ്മുടെയെല്ലാം പരിചയത്തിലുണ്ടാവും. ഒരു പനി വന്നാലോ, അല്ലെങ്കില്‍ തലവേദന വന്നാലോ ഉടനെ മരുന്ന് കഴിച്ചാലേ ഇത്തരക്കാര്‍ക്ക് സമാധാനം ഉണ്ടാവുകയുള്ളൂ അല്ലേ…? എന്നാല്‍ ഈ ശീലം ഭാവിയില്‍ ദോഷമായി മാറുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

ആഗോള വ്യാപകമായി ആരോഗ്യ രംഗം അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രതിസന്ധിയാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അഥവാ എ.എം.ആര്‍. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം രോഗാണുക്കള്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതിനേയാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന് പറയുന്നത്.

ആന്റി മൈക്രോബിയലിനോടുള്ള പ്രതിരോധം മനുഷ്യനിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. സസ്യജാലങ്ങളിലും പക്ഷിമൃഗാദികളിലും മത്സ്യങ്ങളിലുമൊക്കെ ഇതിന്റെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട്. വളം, പക്ഷിത്തീറ്റ, ആന്റിബയോട്ടിക്കിന്റെ കണങ്ങൾ അടങ്ങുന്ന ജലം എന്നിവയിലൂടെ ആന്റി മൈക്രോബിയലുകൾ സസ്യ, പക്ഷിമൃഗാദികളിലെത്തുന്നു.

ആന്റിമൈക്രോബയൽ പ്രതിരോധത്തെക്കുറിച്ചുള്ള പൊതുജന അവബോധവും പെരുമാറ്റ മാറ്റവും സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും നവംബർ 18 മുതൽ 24 വരെ ലോക ആന്റിമൈക്രോബയൽ അവബോധ വാരം ആചരിക്കുന്നുണ്ട്‌. ആൻറിബയോട്ടിക്കുകൾ ഒരു നിശ്ചിത സമയത്തേക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ കഴിക്കാവൂ എന്ന് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മറ്റുള്ളവരുമായി പങ്കിടരുത്, പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്, അല്ലാത്തപക്ഷം ആന്റിമൈക്രോബയൽ പ്രതിരോധത്തിന് കാരണമാകും.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാൽ ഇവയ്‌ക്കെതിരെ ആന്റി ബയോട്ടിക്കുകൾ ഫലപ്രദമല്ല.
2. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവു
3. ഒരിക്കലും ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
4. ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്.
5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകൾ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
6. രോഗശമനം തോന്നിയാൽ പോലും ഡോക്ടർ നിർദ്ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂർത്തിയാക്കണം.
7. ആന്റിബയോട്ടിക്കുകൾ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാൻ പാടില്ല.
8. അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുക.
9. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
10. പ്രതിരോധ കുത്തിവയ്പുകൾ കാലാനുസൃതമായി എടുക്കുക

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് – ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്

1- കൈകള്‍, ആശുപത്രിയിലെ ഉപകരണങ്ങള്‍, പരിസരം എന്നിവ അണുവിമുക്തമായി സൂക്ഷിക്കുക
2- പരിശോധനയിലൂടെ ഉറപ്പിച്ച് ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രം രോഗികള്‍ക്ക് ശരിയായ അളവില്‍, ശരിയായ കാലയളവില്‍ ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുക.

Description: Do not take antibiotics as you think, Let’s take care of these things