പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പരസ്യമായി പ്രേരിപ്പിച്ചു, വീഡിയോ വൈറലായി; കൊച്ചിയിൽ വ്‌ളോഗര്‍ അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ അഗസ്റ്റിന്റെ മകന്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ (34) ആണ് അറസ്റ്റിലായത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയും ഇയാളും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലായതോടെയാണ് എക്‌സൈസ് സംഘം ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയത്.
പരിശോധനയില്‍ വീട്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ വ്‌ളോഗറുടെ അടിവസ്ത്രത്തില്‍ നിന്ന് രണ്ട് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന്
മട്ടാഞ്ചേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.എസ്.പ്രദീപിന്റെ നേതൃത്വത്തില്‍ വ്‌ളോഗറെ അറസ്റ്റു ചെയ്യുകയായിരുന്നു.
വില്‍പ്പനയ്ക്കുള്ള അളവ് കഞ്ചാവ് കൈവശം ഇല്ലാതിരുന്നതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാന്‍ കഴിയുമെങ്കിലും സമൂഹമാധ്യമം വഴി ലഹരി ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്ത കുറ്റത്തിന് ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് മട്ടാഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
കഞ്ചാവ് കിട്ടുന്നില്ല എന്നു പരാതിപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിനിയോട് അതിനായി കോതമംഗലത്തേക്കു പോകാന്‍ ഉപദേശിക്കുന്ന ഈ വ്ളോഗറുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിഡിയോ കണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്‌റെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ പിടിയിലായത്.
വീഡിയോയിലുള്ളത് ഇങ്ങനെ
കഞ്ചാവ് വലിക്കുന്നതിനെ പൊകയടി എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. നീ പൊകയടി ഉണ്ടോ എന്ന് വ്‌ളോഗർ ചോദിക്കുമ്പോൾ ‘ഇപ്പോ ബോങ് ഒക്കെ അടിച്ചുനടക്കുന്നു, വേറെ എന്ത് പരിപാടി’ എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.
അത് പൊളിച്ചുവെന്നും ഗോ ഗ്രീൻ എന്നും പറയുന്ന വ്‌ലോഗർ, അത് പച്ചക്കറിയാണെന്നും പറയുന്നുണ്ട്. താൻ 24 മണിക്കൂറും അടിയാണെന്നും നാട്ടിൽ വന്നിട്ട് അടിക്കാമെന്നും ഇയാൾ ഉറപ്പുനൽകുന്നു.
സാധനം ഒന്നും കിട്ടാനില്ലെന്ന് പെൺകുട്ടി പരിഭവം പറയുമ്പോൾ ഫോർട്ട് കൊച്ചി വരെ കയറാൻ പറ്റോ, അല്ലെങ്കിൽ കോതമംഗലം വരെ പോകാൻ പറ്റോ എന്നാണ് ഇയാൾ ചോദിക്കുന്നത്. തുടർന്ന് സുഹൃത്തിനോടൊപ്പം പോയപ്പോൾ കഞ്ചാവ് കൈവശം വെച്ചതിന് പോലീസ് പിടികൂടിയെന്നും വീട്ടുകാർ ഇറക്കിക്കൊണ്ട് വന്നുവെന്നും പെൺകുട്ടി പറയുന്നുണ്ട്.