എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പുളിയഞ്ചേരി സ്വദേശിയുടെ തിരോധാനം; ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി കുടുംബം
കൊയിലാണ്ടി: എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പുളിയഞ്ചേരി സ്വദേശിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി കുടുംബം. പുളിയഞ്ചേരി തോട്ടനാരിക്കുനി സാരംഗിനെയാണ് കാണാതായത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ജോലിക്കായി ഇറങ്ങിയ ഇയാള്‍ തിരികെ വന്നില്ലെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചതെന്നാണ് സാരംഗിന്റെ കുടുംബം പറയുന്നത്.
കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോ എന്ന കമ്പനിയിലെ തൃപ്പൂണിത്തുറ ബ്രാഞ്ചില്‍ ഡയറക്ട് മാര്‍ക്കറ്റിങ് ജീവനക്കാരനായിരുന്നു സാരംഗെന്ന് അച്ഛന്‍ നാരായണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് പറഞ്ഞു. ഒക്ടോബര്‍ 14നാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. ഇതേ കമ്പനിയിലെ മാനേജര്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത തൊഴിലാളികളോട് കടുത്ത ക്രൂരത കാട്ടുന്ന വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ മകനെ ഇവര്‍ അന്യായമായി തടവിലിട്ടതായി സംശയിക്കുന്നതെന്നും അതിനാലാണ് ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയതെന്നും നാരായണന്‍ വ്യക്തമാക്കി.

ഫെബ്രുവരി രണ്ടാം തിയ്യതി അര്‍ധരാത്രിയോടെ സാരംഗ് ജോലിയ്ക്ക് പോയിട്ട് ഇതുവരെ തിരികെ വന്നില്ലെന്ന് പറഞ്ഞ് കമ്പനി മാനേജര്‍ അശ്വിന്‍ വിളിക്കുകയായിരുന്നു. ഇതുപ്രകാരം ബന്ധുക്കള്‍ അവിടെ എത്തിക്കുകയും പൊലീസില്‍ പരാതിപ്പെടാന്‍ അശ്വിനോട് ആവശ്യപ്പെടുകയുമായിരുന്നു. ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ ഇതുവരെ സാരംഗിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
ജോലിയില്‍ പ്രവേശിച്ചശേഷം സാരംഗ് അവന്റെ ഫോണില്‍ നിന്നും കുടുംബവുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടിട്ടില്ല. കമ്പനിയിലെ മാനേജറായ അശ്വിന്റെ ഫോണില്‍ നിന്നാണ് വീട്ടിലേക്ക് വിളിക്കാറുണ്ട്. ഫോണിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കേടുവന്നെന്നും സര്‍വ്വീസ് ചെയ്യാന്‍ കൊടുത്തിരിക്കുകയുമാണെന്നാണ് പറഞ്ഞത്. എന്നാല്‍ കമ്പനി അധികൃതര്‍ വാങ്ങിവെച്ചതാണെന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാരംഗിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. രണ്ടുമാസത്തിനിപ്പുറവും യാതൊരു വിവരവുമില്ലാതായതോടെയാണ് ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി മുന്നോട്ടുപോകുന്നതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
Description: Disappearance of Puliyancherry native; Family files habeas corpus petition