ഭക്തിസാന്ദ്രം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തല്‍ കഴിഞ്ഞ ശേഷം 6.30 ന് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് പുണ്യാഹം ചടങ്ങിന് ശേഷം നൂറ് കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ കൊടിയേറ്റം ചടങ്ങ് നടന്നു.

രാവിലത്തെ കാഴ്ചശീവേലിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാർ മേളപ്രമാണിയാകും. തുടര്‍ന്ന് ശിവപൂജ, പന്തീരടി പൂജ എന്നിവ നടക്കും. രാവിലെ കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തിൽനിന്ന്‌ ആദ്യ അവകാശവരവ് ക്ഷേത്ര ത്തിലെത്തും. തുടർന്ന് കുന്ന്യോറമല ഭഗവതിക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വരവുകളും ക്ഷേത്രത്തിലെത്തും. വൈകീട്ട് കാഴ്ചശീവേലി- മേളപ്രമാണം പോരൂർ അനീഷ് മാരാർ. 6.30ന് നടക്കുന്ന സാംസ്കാരികസദസ്സിൽ യു.കെ. കുമാരൻ, കെ.പി സുധീര, നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് എന്നിവർ പങ്കെടുക്കും. 7.30ന് ഗാനമേള.

31ന് രാവിലെയും വൈകീട്ടും കാഴ്ചശീവേലി. മേളപ്രമാണം രാവിലെ വെളിയണ്ണൂർ സത്യൻ മാരാർ, വൈകീട്ട് തൃപ്പനംകോട്ട് പരമേശ്വരൻ മാരാർ. ഓട്ടൻതുള്ളൽ, രാത്രി എട്ടിന് തായമ്പക-കല്ലുവഴി പ്രകാശൻ. നാടകം- കാളിക. അവതരണം സരോവരം തിരുവനന്തപുരം.

ഏപ്രിൽ ഒന്നിന് രാവിലെ കാഴ്ചശീവേലി- മേളപ്രമാണം തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ, വൈകീട്ട് പനങ്ങാട്ടിരി മോഹനൻ. രാത്രി എട്ടിന് ഇരട്ടത്തായമ്പക -സദനം അശ്വിൻ മുരളി, കക്കാട് അതുൽ കെ. മാരാർ. രാത്രി 7.30-ന് മ്യൂസിക് ബാന്റ്. ഏപ്രിൽ രണ്ടിന് കാഴ്ചശീവേലി, മേളപ്രമാണം രാവിലെ കടമേരി ഉണ്ണികൃഷ്ണൻ മാരാർ, വൈകീട്ട് കാഞ്ഞിലശ്ശേരി പത്മനാഭൻ. രാത്രി എട്ടിന് തായമ്പക-ശുകപുരം രാധാകൃഷ്ണൻ. നൃത്തപരിപാടി, മനോജ് ഗിന്നസ് നയിക്കുന്ന മെഗാഷോ.

മൂന്നിന് രാവിലത്തെ കാഴ്ചശീവേലിക്ക് സന്തോഷ് കൈലാസും വൈകീട്ട് പോരൂർ ഹരിദാസും മേളപ്രമാണിയാകും. രാത്രി എട്ടിന് തായമ്പക-അത്താലൂർ ശിവൻ. 7.30-ന് സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന സംഗീതനിശ-കല്പാന്ത കാലത്തോളം. നാലിന് ചെറിയ വിളക്ക്. രാവിലെ കാഴ്ചശീവേലി- മേളപ്രമാണം മുചുകുന്ന് ശശി മാരാർ. തുടർന്ന് വണ്ണാന്റെ അവകാശവരവ്, കോമത്ത് പോക്ക് ചടങ്ങ്, ഓട്ടൻതുള്ളൽ, വൈകീട്ട് നാലിന് പാണ്ടിമേളസമേതം കാഴ്ചശീവേലി. മേളപ്രമാണം കാഞ്ഞിലശ്ശേരി വിനോദ് മാരാർ. രാത്രി എട്ടിന് ഗോപികൃഷ്ണ മാരാർ, കൽപ്പാത്തി ബാലകൃഷ്ണൻ എന്നിവരുടെ തായമ്പക, ചലച്ചിത്ര പിന്നണി ഗായകരായ രാജലക്ഷ്മി, ലിബിൻ സ്കറിയ എന്നിവർ നയിക്കുന്ന മെഗാ ഗാനമേള.

ഏപ്രിൽ അഞ്ചിന് വലിയ വിളക്ക്, രാവിലെ കാഴ്ചശീവേലിയ്ക്ക് ഇരിങ്ങാപ്പുറം ബാബു മേളപ്രമാണിയാകും. തുടർന്ന് ഓട്ടൻതുള്ളൽ, മന്ദമംഗലം ഭാഗത്തുനിന്നുള്ള ഇളനീർക്കുലവരവും വസൂരിമാല വരവും. വൈകീട്ട് മൂന്നുമണിമുതൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇളനീർക്കുല വരവുകൾ, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുടവരവ്, കൊല്ലന്റെ തിരുവായുധം വരവ് എന്നിവ ക്ഷേത്രത്തിലെത്തും. വൈകീട്ടത്തെ കാഴ്ചശീവേലിക്ക് ശുകപുരം ദിലീപ് മേളപ്രമാണിയാകും. തുടർന്ന് രാത്രി ഏഴിന് കെ.സി. വിവേക് രാജയുടെ വയലിൻ സോളോ. രാത്രി 11 മണിക്കുശേഷം സ്വർണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം പുറത്തെഴുന്നള്ളിക്കും.

ആറിന് കാളിയാട്ടം. രാവിലെ ഓട്ടൻതുള്ളൽ, വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകൾ ക്ഷേത്രത്തിലെത്തും. തുടർന്ന് പുറത്തെഴുന്നള്ളിപ്പ്. മേളത്തിന് മട്ടന്നൂർ ശ്രീരാജ് മാരാർ നേതൃത്വം നൽകും. രാത്രി 10.55-നും 11.15-നും ഇടയിൽ വാളകംകൂടൽ. കൊടിയേറ്റ ദിവസംമുതൽ ചെറിയ വിളക്കുവരെ ഒരു കൊമ്പനാനയെയാണ് എഴുന്നള്ളത്തിനായി ഉപയോഗിക്കുക. വലിയ വിളക്കിനും കാളിയാട്ടത്തിനും രണ്ട് കൊമ്പനാനകളും ഒരു പിടിയാനയുമുണ്ടാവും. പിഷാരികാവിലെ ആചാരമനുസരിച്ച് ക്ഷേത്രത്തിലെ പ്രധാന നാന്ദകം എഴുന്നള്ളിക്കുക സ്വർണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്താണ്.

മലബാറിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ക്ഷേത്രോത്സവമാണ് പിഷാരികാവിലെ കാളിയാട്ട മഹോത്സവം. കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത് കുംഭ മാസത്തിലും കാളിയാട്ടം മീനമാസത്തിലായിരിക്കും നടത്തുക. ചേമഞ്ചേരിയിലുള്ള പൊറ്റമ്മല് കുടുംബത്തിലെ കാരണവരായ നമ്പീശനാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത്. ഉത്സവം മീനമാസത്തില്‍ തന്നെ നടത്തണമെന്നല്ലാതെ നിശ്ചിത ദിവസം തന്നെ നിശ്ചിത നാളില്‍ നടത്തണമെന്ന് നിര്‍ബന്ധമില്ല. അത് ഓരോ കൊല്ലവും നിശ്ചയിക്കുകയാണ് പതിവ്.

Summary: Devotion centre; Kaliyatta festival at Pisharikav temple in Kollam hoisted