കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പട്ടികജാതി നഗറുകളുടെ വികസന പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക്; പദ്ധതികളിലൂടെ നടപ്പാക്കുക വീടുകളുടെ പുനരുദ്ധാരണ പ്രവർത്തികളും പശ്ചാത്തല സൗകര്യ വികസനവും
കുറ്റ്യാടി: അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം അനുമതി ലഭിച്ച വേളം ഗ്രാമപഞ്ചായത്തിലെ കൂളിക്കുന്ന് പട്ടികജാതി നഗർ, ചോയിമഠം പട്ടികജാതി നഗർ, ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് പട്ടികജാതി നഗർ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വാളാഞ്ഞി കുളങ്ങരത്ത് നഗറിന്റെ ഭേദഗതി ചെയ്ത എസ്റ്റിമേറ്റും യോഗം അംഗീകരിച്ചു. പ്രവൃത്തി നിർവ്വഹണ മാനദണ്ഡങ്ങൾ സർക്കാർ പരിഷ്കരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനിച്ചത്.
വീടുകളുടെ പുനരുദ്ധാരണ പ്രവർത്തികളും, പശ്ചാത്തല സൗകര്യ വികസനവുമാണ് ഈ പദ്ധതികളിലൂടെ നടപ്പാക്കുക. മുൻപ് ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി അംബേദ്കർ ഗ്രാമപദ്ധതി ഇപ്പോൾ ബ്ലോക്ക് പഞ്ചായത്തുകളുടെ കൂടി നിയന്ത്രണത്തിൽ വന്നു കഴിഞ്ഞു. അതിനാൽ ആവശ്യമായ മേൽനോട്ടത്തിന് ജനപ്രതിനിധികളും ഉണ്ടാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് കരാർ ചുമതല.
യോഗത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി ,തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം.ലീന, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷൈജു ടി കെ ,പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസർ ഷാജി, യു എൽ സി സി എസ് എഞ്ചിനീയർ സതീശൻ എന്നിവർ പങ്കെടുത്തു.