കഥയും കവിതയും നോവലുമായി 10,000ത്തിലധികം പുസ്തകങ്ങള്‍; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി
വടകര: ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടകരയില്‍ പുസ്തകോത്സവത്തിന് തുടക്കമായി. നഗരസഭ സാംസ്കാരിക ചത്വരത്തിൽ ഇന്ന് വൈകീട്ട് നോവലിസ്റ്റ് എം.വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ഡോ.തോമസ് ആദ്യ വിൽപന ഏറ്റുവാങ്ങി.
കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാദകരുടെയും പുസ്തകം മേളയിൽ ലഭ്യമാണ്. ആയിരത്തിലധികം ടൈറ്റിലുകളിലായി 10000ൽ അധികം പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഥ, കവിതകൾ, നോവൽ, രാഷ്ട്രീയം, ആത്മകഥ, ചരിത്ര പുസ്തകങ്ങൾ, ബാലസാഹിത്യങ്ങൾ, നാടങ്ങൾ, ലേഖനങ്ങൾ തുടങ്ങി പ്രമുഖരായ എല്ലാ എഴുത്തുകാരുടെയും ഏറ്റവും പുതിയ പുസ്തകങ്ങളും മേളയിൽ ലഭ്യമാണ്. ആകർഷകമായ വിലക്കിഴിവാണ് മേളയുടെ മറ്റൊരു പ്രത്യേകത. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെയാണ് മേളയുടെ പ്രവര്‍ത്തനസമയം. ലിങ്ക് റോഡിന് സമീപത്തായി സജ്ജമാക്കിയ മേള ജനുവരി 31 വരെ നീണ്ടു നിൽക്കും.
മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി രാധാകൃഷ്ണൻ, പി.എസ് ബിന്ദു മോൾ, ടി.സി രമേശൻ, എ.വി സലിൽ എന്നിവർ സംസാരിച്ചു. തുടര്‍ന്ന് നർത്തകി റിയ രമേഷ് അവതരിപ്പിച്ച പി ഭാസ്കരൻ്റെ തെരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങളുടെ ദൃശ്യാവിഷ്കാരം അരങ്ങേറി.
സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദർശനം സാംസ്കാരിക ചത്വരത്തിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോട്ടപ്പറമ്പിൽ പി.ജയചന്ദ്രൻ അനുസ്മരണവും കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും. വ്യാഴാഴ്ച രാത്രി 7.30ന് ഇപ്റ്റ നാട്ടരങ്ങ് പാട്ടും പടവെട്ടും പരിപാടി അരങ്ങേറും.
Description: Book festival started at Vadakara of CPIM District Conference