പുതിയ പരിഷ്‌കാരവുമായി ഗതാഗത വകുപ്പ്; നിയമ ലംഘനങ്ങൾക്കുള്ള പിഴ തവണകളായി അടയ്ക്കാൻ സംവിധാനമൊരുങ്ങുന്നു


തിരുവനന്തപുരം: നിയമ ലംഘനങ്ങൾക്കുള്ള പിഴ തവണകളായി അടയ്ക്കാൻ സംവിധാനമൊരുങ്ങുന്നു. ഗതാഗത വകുപ്പിലെ പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നടപടി. പിഴ തവണകളായി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക ജോലികളും സോഫ്റ്റ് വേർ പുതുക്കലും നടന്നുവരികയാണ്. ഇതു പൂർത്തിയാലുടൻ തവണകളായി പിഴ സ്വീകരിച്ചു തുടങ്ങും.

ഒരാൾക്ക് വിവിധ കുറ്റങ്ങളിലായി 200, 500, 1000, 5000 എന്നീ പിഴകളുണ്ടെങ്കിൽ ഇതെല്ലാംകൂടി ഒന്നിച്ച് 6,700 രൂപ അടയ്ക്കണമെന്നതാണ് നിലവിലെ രീതി. സാധാരണക്കാർക്ക് ഇത് പലപ്പോഴും ഒന്നിച്ചു നൽകാനാകാതെ പിഴയടയ്ക്കൽ നീളുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. അധികം വൈകാതെ സംവിധാനം നിലവിൽവരുമെന്ന് ഗതാഗതവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

തെറ്റായ പാർക്കിങ്, അമിതവേഗം, അശ്രദ്ധയോടെ ഡ്രൈവിങ്, യൂണിഫോം ധരിക്കാതെയുള്ള ടാക്‌സി ഡ്രൈവിങ്, എയർഹോൺ മുഴക്കൽ, രാത്രികാലങ്ങളിൽ ലൈറ്റ് ഡിമ്മും ബ്രൈറ്റും ചെയ്യാതിരിക്കൽ എന്നീ കുറ്റങ്ങൾക്ക് വ്യത്യസ്ത പിഴകളുണ്ട്. നിലവിൽ ഇവയിൽ മൂന്നോ നാലോ കുറ്റങ്ങൾ വന്നെങ്കിൽ അതെല്ലാം ഒന്നിച്ച് പലരും അടയ്ക്കുന്നില്ലെന്നും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.