നാദാപുരത്ത് യുവാവ് മരിച്ചത് അപകടത്തിലല്ലെന്ന് പൊലീസ്; സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു


നാദാപുരം: റോഡരികിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തുകയും പിന്നീട് മരിക്കുകയും ചെയ്ത യുവാവിന്റെ പരുക്കുകൾ അപകടത്തിൽ ഉണ്ടായതല്ലെന്ന് പൊലീസ്. കാസർകോട് ചെറുവത്തൂർ സ്വദേശി ശ്രീജിത്തിന്റെ (38) മരണകാരണമാണ് ദുരൂഹമായി തുടരുന്നത്. ശനിയാഴ്ച രാത്രി നരിക്കാട്ടേരി കനാൽ റോഡിലാണ് ഗുരുതരമായി പരുക്കേറ്റ നിലയിൽ ശ്രീജിത്തിനെ കണ്ടെത്തിയത്. ഞായറാഴ്ച വടകര ജില്ലാ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇയാളുടെ കാർ സംഭവ സ്ഥലത്ത് ഇടിച്ചു നിന്ന നിലയിൽ കണ്ടെത്തിയിരുന്നു.

ശ്രീജിത്തും മറ്റൊരാളും കാറിൽ യാത്ര ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന ആൾ ഓടിപ്പോയതായും പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ ചീമേനി ചെറുവത്തൂരിലേക്കു കൊണ്ടു പോയി. ശ്രീജിത്തിന്റെ തലയ്ക്കു പിറകിൽ മുറിവും വാരിയെല്ലിനു ക്ഷതവും ആന്തരിക അവയവങ്ങൾക്ക് മാരകമായ പരുക്കുമേറ്റിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല.

ശ്രീജിത്തിനെ മാരകമായി മർദിച്ച ശേഷം കനാലിലേക്കോ കനാൽ പരിസരത്തോ ഉപേക്ഷിക്കാൻ എത്തിയതാകാം എന്നാണ് പൊലീസിന്റെ നിഗമനം. റൂറൽ എസ്പി ആർ.കറുപ്പസാമിയുടെ നേതൃത്വത്തിൽ നാദാപുരം ഡിവൈഎസ്പി വി.വി.ലതീഷ്, ഇൻസ്പെക്ടർ ഇ.വി.ഫായിസ് അലി എന്നിവർ അടങ്ങുന്ന പ്രത്യേക സ്ക്വാഡിനാണ് അന്വേഷണ ചുമതല. പൊലീസും അഗ്നിശമന സേനയും ഇന്നലെ കനാൽ പരിസരത്ത് പരിശോധന നടത്തി.