കൂടെ കളിച്ച കൂട്ടുകാരനെ നഷ്ടപ്പെട്ടതിന്റെ വേദനമാറാതെ സുഹൃത്തുക്കള്‍; നാടിനാകെ നൊമ്പരമായി കൂത്താളിയില്‍ പുഴയില്‍ മുങ്ങിമരിച്ച നവനീതിന് യാത്രാമൊഴിയേകാനെത്തിയത് നിരവധിപേര്‍


കൂത്താളി: അവസാന നിമിഷം വരെ തങ്ങളോടൊപ്പം കളിച്ചുരസിച്ച കൂട്ടുകാരനെ ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടതിന്റെ വേദന താങ്ങാനാവാതെ നവനീതിന്റെ സുഹൃത്തുക്കള്‍. ഇന്നലെ കൂത്താളിയില്‍ പുഴയില്‍ മുങ്ങി മരിച്ച കേളന്‍ മുക്ക് പാറച്ചാലില്‍ നവനീതി(16)ന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. ചടങ്ങില്‍ സുഹൃത്തുക്കളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.

അപ്രതീക്ഷിതമായുണ്ടായുണ്ടായ നവനീതിന്റെ മരണം നാടിനെയാകെ സങ്കടത്തിലാഴ്ത്തി. മരണത്തിന് തൊട്ടുമുന്‍പുവരെ തങ്ങളോടൊപ്പം കളിച്ച കൂട്ടുകാരനെ നഷ്ടപ്പെട്ട സുഹൃത്തുക്കളുടെ കരച്ചില്‍ മറ്റുള്ളവരിലും വേദനയുളവാക്കി. ഇന്നലെ വരെ നാടിന്റെ ഭാഗമായിരുന്ന ഒരു കൊച്ചുമിടുക്കനെയാണ് നാടിന് നഷ്ടമായിരിക്കുന്നത് അത് ഉള്‍ക്കൊള്ളാന്‍ വളരെ പ്രയാസമുണ്ടെന്ന് നാട്ടുകാരും അഭിപ്രയപ്പെട്ടു.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ നവനീത് പുഴയില്‍ മുങ്ങി മരിക്കുന്നത്. പുറയങ്കോട്ട് ശിവക്ഷേത്രത്തില്‍ സപ്താഹം നടക്കുന്ന സ്ഥലത്തു നിന്നും ഭക്ഷണം കഴിച്ച് കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ നവനീത് നീന്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

മൃതദേഹം പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 2.30 ഓടെ സംസ്‌കരിക്കുകയായിരുന്നു.

കൂത്താളി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ നവനീത് കേളന്‍ മുക്ക് പാറച്ചാലില്‍ സുരേഷിന്റെയും രാഗിയുടെയും മകനാണ്. നന്ദനയാണ് സഹോദരി.