രാഷ്ട്രീയക്കാരനല്ലെങ്കിലും പയ്യോളിക്കാരുടെ സ്വന്തം ‘ഇ.എം.എസ്’; ഇരുമ്പെടുത്ത ചാലില്‍ അബ്ദുള്ളയുടെ വിയോഗത്തോടെ ഓര്‍മ്മയാകുന്നത് പയ്യോളിയിലെ പഴയകാല വ്യാപാരികളിലെ അവസാന കണ്ണികളിലൊരാള്‍


പയ്യോളി: ഇരുമ്പെടുത്ത ചാലില്‍ അബ്ദുള്ളയുടെ വിയോഗത്തോടെ ഓര്‍മ്മയാകുന്നത് പയ്യോളിയിലെ പഴയകാല വ്യാപാരികളിലെ അവസാന കണ്ണികളിലൊരാള്‍. പതിനഞ്ച് വര്‍ഷം മുമ്പ് കച്ചവടം അവസാനിപ്പിച്ചെങ്കിലും പയ്യോളിക്കാര്‍ക്ക് ഇന്നും സുപരിചിതനാണ് അബ്ദുള്ളാക്ക. തന്റെ എണ്‍പത്തിയഞ്ചാം വയസില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോള്‍ നിരവധി ഓര്‍മ്മകള്‍ കൂടിയാണ് കാലയവനികയ്ക്കുള്ളില്‍ മറയുന്നത്.

പയ്യോളി ടൗണില്‍ നിന്ന് ബീച്ചിലേക്കുള്ള റോഡില്‍ റെയില്‍വേ ഗെയിറ്റിന് മുമ്പായാണ് അബ്ദുള്ള കച്ചവടം ചെയ്തിരുന്ന കട. കൃത്യമായി പറഞ്ഞാല്‍ കേളപ്പേട്ടന്‍ കഞ്ഞി വിറ്റിരുന്ന കടയുടെ എതിര്‍വശത്ത്.

പയ്യോളിക്കാര്‍ക്ക് മറക്കാന്‍ കഴിയാത്ത മറ്റൊരു പഴയകാല കച്ചവടക്കാരനാണ് കേളപ്പന്‍. ആദ്യകാലത്ത് സാധാരണക്കാരുടെ വിശപ്പകറ്റാനായി കഞ്ഞിയും പിന്നീട് പച്ചക്കറിയും കച്ചവടം നടത്തിയിരുന്ന കേളപ്പേട്ടന്‍ അടുത്തിടെയാണ് മരിച്ചത്. കേളപ്പേട്ടന്‍ കഴിഞ്ഞാല്‍ പിന്നെ അവശേഷിച്ച പഴയകാല കച്ചവടക്കാരനായിരുന്നു ഇ.സി.അബ്ദുള്ള എന്ന പയ്യോളിക്കാരുടെ അബ്ദുള്ളാക്ക.

ഇ.എം.എസ് എന്നായിരുന്നു പയ്യോളിക്കാര്‍ക്കിടയില്‍ അബ്ദുള്ളാക്ക അറിയപ്പെട്ടിരുന്നത്. സി.പി.എം നേതാവും കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ്സിന്റെ പേര് അദ്ദേഹത്തിന് കിട്ടിയതിന് പിന്നിലുള്ള കാരണം രസകരമാണ്. ഇ.എം.എസ്സിനെ പോലെ അബ്ദുള്ളയ്ക്കും സംസാരിക്കുമ്പോള്‍ വിക്കുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം ഇന്നും പയ്യോളിക്കാരുടെ ഓര്‍മ്മയിലുണ്ട്. 1998 ലാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് മരിക്കുന്നത്. അന്ന് പയ്യോളിയിലും വാര്‍ത്തയെത്തി. വാര്‍ത്ത അറിഞ്ഞവര്‍ ഒന്ന് അമ്പരന്നു.

‘ഇ.എം.എസ് മരിക്കാനോ, മൂപ്പര് ഇപ്പൊ പീടിയേല് നിക്കുന്നത് ഞാന്‍ കണ്ടല്ലോ..’ എന്നായിരുന്നു വാര്‍ത്ത കേട്ട പലരുടെയും പ്രതികരണം. കാരണം പയ്യോളിക്കാര്‍ക്ക് ഇ.എം.എസ് എന്ന് പറഞ്ഞാല്‍ അവരുടെ സ്വന്തം അബ്ദുള്ളാക്കയാണ്. ഇ.എം.എസ് എന്ന് വിളിപ്പേര് ഉണ്ടായിരുന്നെങ്കിലും അബ്ദുള്ളയ്ക്ക് രാഷ്ട്രീയം ഉണ്ടായിരുന്നില്ല.

സിഗരറ്റ്, ബീഡി, മുറുക്കാന്‍, സ്റ്റേഷനറി തുടങ്ങിയവയുടെ കച്ചവടമാണ് അദ്ദേഹം നടത്തിയിരുന്നത്. മുറുക്കാനുള്ള നൂറ് സ്വയം കലക്കി നിര്‍മ്മിച്ചാണ് അദ്ദേഹം കച്ചവടം ചെയ്തിരുന്നത്. പതിനഞ്ച് കൊല്ലം മുമ്പ് അദ്ദേഹം കച്ചവടം അവസാനിപ്പിച്ചു.

നേരത്തേ പയ്യോളിയില്‍ താമസിച്ചിരുന്ന അബ്ദുള്ള പിന്നീട് അയനിക്കാടേക്ക് മാറിയിരുന്നു. വീടിന് സമീപമുള്ള അയനിക്കാട് പള്ളിയില്‍ വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു മയ്യിത്ത് നിസ്‌കാരം.

നബീസയാണ് അബ്ദുള്ളയുടെ ഭാര്യ. അഹമ്മദ്, ആയിഷ, സെബിയ, റഹ്മത്ത്, ജെസീല, സൗദ എന്നിവര്‍ മക്കളാണ്. മരുമക്കള്‍ ഹാഷിം (മൂടാടി), ഇസ്മയില്‍ (പെരുമാള്‍പുരം), റാസിക്ക്, മുസമില്‍ (തിക്കോടി), സാദിക്ക് (പുറക്കാട്).