കുടുംബത്തിന്റെ ഏക ആശ്രയം, നാട്ടുകാർക്ക് സുപരിചിതൻ; നരക്കോട് കിണറിൽ വീണ് മരിച്ച ഷിബുവിന്റെ വേർപാട് വിശ്വസിക്കാനാകാതെ നാട്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് സ്വദേശി തെക്കേ വലിയപറമ്പില്‍ മീത്തല്‍ ഷിബു (36) വിന്റെ അപ്രതീക്ഷിത മരണ വാര്‍ത്തയില്‍ ദു:ഖിതരായി കുടുംബക്കാരും നാട്ടുകാരും. നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഷിബുവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഞായറാഴ്ച്ച വൈകുന്നേരം ഏഴ് മണിയോടെ വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് ഷിബു മരണമടഞ്ഞത്. കിണറ്റിനടുത്തേക്ക് പോയപ്പോള്‍ ആള്‍മറയില്ലാത്തതിനാല്‍ അബദ്ധത്തില്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു.
കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തി വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഷിബുവിനെ പുറത്തെത്തിച്ചത്. ഉടന്‍ തന്നെ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നാട്ടുകാര്‍ക്കെല്ലാം സുപരിചിരനായിരുന്ന വ്യക്തിയായിരുന്നു ഷിബു. അതിനാല്‍ തന്നെ യുവാവിന്റെ പെട്ടന്നുള്ള മരണം വിശ്വസിക്കാനാവുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
അച്ഛന്‍: ബാബു. അമ്മ: ജാനകി. ഭാര്യ: ബവിന, മക്കള്‍: നിവേദ്, ആത്മിക. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.