‘മട്ടന്നൂരിലെ ചെങ്കോട്ടകൾ തകർന്ന് വീണത് പിണറായി സർക്കാറിനുള്ള അപായ മണി’; നടുവണ്ണൂർ കാവിൽ പി.എം.ചാത്തുകുട്ടി ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ച് കോൺഗ്രസ്
നടുവണ്ണൂർ: കോൺഗ്രസ് നേതാവായിരുന്ന പി എം ചാത്തുക്കുട്ടിയുടെ ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഇടതുഭരണത്തിനെതിരെ സംസ്ഥാനത്ത് ജനരോഷം അണപൊട്ടുകയാണെന്നും മട്ടന്നൂരിലെ ചെങ്കോട്ടകൾ തകർന്ന് വീണത് പിണറായി സർക്കാറിനുള്ള അപായ മണിയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന സി.പി.എം നേതൃത്വം കോൺഗ്രസ് മുക്തഭാരതത്തിനായി സംഘപരിവാറുമായി കൈകോർത്തിരിക്കയാണ്. വംശഹത്യയുടെ ഗുജറാത്ത് മോഡൽ പരീക്ഷിച്ചവരുടെ വികസന പദ്ധതികൾ പഠിക്കാൻ ചീഫ് സെക്രട്ടറിയെയും സംഘത്തെയും അയച്ചവരുടെ മോദിഭക്തി ജനം തിരിച്ചറിഞ്ഞെന്നും പ്രവീൺകുമാർ പറഞ്ഞു.
പി.സുധാകരൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് അംഗം കാവിൽ പി മാധവൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെ.കെ.മാധവൻ, എ.പി.ഷാജി, കെ.രാജീവൻ, പി.അയമു, കെ.സി.റഷീദ്, എം.സത്യനാഥൻ മാസ്റ്റർ, പി.എം.കുഞ്ഞിരാമൻ, എ.കെ.അഷറഫ് എന്നിവർ സംസാരിച്ചു.
ചിത്രം: കോൺഗ്രസ് നേതാവായിരുന്ന കാവിൽ പി എം ചാത്തുകുട്ടിയുടെ ചരമ വാർഷിക ദിനാചരണം ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ കാവിൽ വലിയപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
Summary: DCC President K Praveen Kumar inagurated congress worker p m chathukutti death anniversary celebration