ആവേശം വാനോളമുയര്‍ത്തി അരിക്കുളം കാരയാട് ഫുട്‌ബോള്‍ മേള അവസാനിച്ചു; കപ്പടിച്ച് ഗ്രാന്മ ഏക്കാട്ടൂര്‍


അരിക്കുളം: ദര്‍ശന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് കാരയാട് സംഘടിപ്പിച്ച ഫുട്‌ബോള്‍ മാമാങ്കം സമാപിച്ചു. കാരയാട് മിനി സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫുട്ബോള്‍ മേള പന്തലായനി ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പന്തലായിനി ബ്ലോക്ക് മെമ്പര്‍ കെ അഭിനീഷി ന്റെ അധ്യക്ഷത വഹിച്ചു.

നാടിന്റെ സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിച്ച മേളയില്‍ വിജയികളായ അരിക്കുളത്തെ ഫുട്‌ബോള്‍ രാജാക്കന്മാരായ ഗ്രാന്മ ഏക്കാട്ടൂരിന് പി.കെ. കണാരേട്ടന്‍ സ്മാരക വിന്നെസ് റോളിംഗ് ട്രോഫിയും 10001 രൂപ പ്രൈസ് മണിയും നല്‍കി. റണ്ണയെസ്അപ്പ് ആയ ചലഞ്ച് വോയിസ് ചങ്ങരംവെള്ളി പി.എം. ദാക്ഷണീയമ്മ റന്നെസ് ഫീല്‍ഡും 5001 രൂപ പ്രൈസ് മണിയും കരസ്ഥമാക്കി.

മേളയിലെ ഏറ്റവും നല്ല ഗോള്‍ കീപ്പറായി ഗ്രാന്മ എക്കാട്ടൂരിന്റെ അശ്വിന്‍ ദാസിനെ തിരഞ്ഞെടുത്തു. സമാപന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ വനിതാ ബോളിബോള്‍ ടീം ക്യാപ്റ്റന്‍ എസ്. രേഖ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു.

സിപിഐഎം ലോക്കല്‍ സെക്രട്ടറി വി.എം. ഉണ്ണി, അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രജനി, മേപ്പയൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ അതുല്യ കെ.ബി. തുടങ്ങി ഒട്ടനവധി പ്രമുഖര്‍ മേളയുടെ വിവിധ ഘട്ടങ്ങളില്‍ പങ്കെടുത്തു.