കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം; അടിവസ്ത്രത്തിലും ഷൂവിനടിയിലും ഒളിപ്പിച്ച സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസ് പിടിയില്‍


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നും വന്ന മലപ്പുറം കൊളത്തൂര്‍ സ്വദേശി മുഹമ്മദ് യാസിറില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. അടിവസ്ത്രത്തിനുള്ളിലും ഷൂവിന് അടിയിലുമായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. പ്രതിയെ കസ്റ്റംസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയില്‍ സ്വര്‍ണ്ണ മിശ്രിതം വസ്ത്രങ്ങള്‍ക്കുള്ളില്‍ തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന നാല് യാത്രക്കാര്‍ കരിപ്പൂരില്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ദേഹത്തും വസ്ത്രത്തിനുള്ളിലും സ്വര്‍ണ്ണ മിശ്രിതം ഒളിപ്പിക്കുന്നതിന് സമാനമായി, ഇലക്ട്രിക് ഉപകരണങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തുന്നത് കൂടുകയാണ്. രണ്ടു ദിവസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോയോളം സ്വര്‍ണ്ണമാണ് ഇത്തരത്തില്‍ കസ്റ്റംസ് പിടിച്ചെടുത്തത്.

വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് കേരളത്തില്‍ വര്‍ധിക്കുകയാണ്. ദിവസേനെ കോടികള്‍ വിലവരുന്ന കിലോ കണക്കിന് സ്വര്‍ണ്ണമാണ് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ നിന്നായി പിടികൂടുന്നത്.

summary: customes seized gold worth around one crore rupees, which was tried to be illegally smuggled through karipur airport