കൊപ്ര മോഷ്ടിക്കാന്‍ പറ്റാതായതോടെ ഉടമയോട് പക തോന്നി; ഉടന്‍ ചേവിന് തീയിട്ടു; ആവളയിലെ കൊപ്ര ചേവിന് തീപിടിച്ചതിനു പിന്നിലെ സംഭവമിങ്ങനെ: പ്രതി അറസ്റ്റില്‍
ചെറുവണ്ണൂര്‍: ഗുളികപ്പുഴപ്പാലത്തിനു സമീപം ആവളയില്‍ കൊപ്ര ചേവില്‍ വന്‍ തീപിടിത്തത്തിന് വഴിവെച്ചയാള്‍ അറസ്റ്റില്‍. ആവള സ്വദേശിയായ മണമല്‍ ലത്തീഫിനെയാണ് മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
കൊപ്ര മോഷ്ടിക്കാന്‍ പറ്റാത്തതിന്റെ വൈരാഗ്യത്തില്‍ ചേവിന് തീയിട്ടതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ പ്രതിയെ അറസറ്റു ചെയ്തത്.
ജൂലൈ 16നായിരുന്നു കേസിനാസ്പദമായ സംഭവം. വേളം പൂളക്കൂല്‍ സ്വദേശി അയൂബിന്റെ കൊപ്ര ചേവാണ് കത്തിനശിച്ചത്. ഇവിടെ നിന്ന് പതിനായിരം രൂപയോളം വിലവരുന്ന കൊപ്ര നേരത്തെ മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
ഇവിടെ നിന്നും പലതവണ കൊപ്ര മോഷണം പോയതിനെ തുടര്‍ന്ന് ഉടമ ഗ്രില്‍ സ്ഥാപിച്ചിരുന്നു. വീണ്ടും മോഷ്ടിക്കാനെത്തിയപ്പോള്‍ ഗ്രില്‍ അതിന് തടസമായതോടെ ഉടമയോട് പക തോന്നിയിട്ടാണ് തീയിട്ടതെന്നാണ് മോഷ്ടാവ് പൊലീസിനോടു പറഞ്ഞത്.
മേപ്പയ്യൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ പേരാമ്പ്രയിലെയും പരിസരത്തെയും മലഞ്ചരക്ക് കടകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.