മദ്യ ലഹരിയില്‍ കോഴിക്കോട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, ബൈക്ക് യാത്രക്കാരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു; പ്രതികളായ മൂന്നുപേര്‍ പിടിയില്‍


കോഴിക്കോട്: മദ്യ ലഹരിയില്‍ കോഴിക്കോട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്രിമിനലുകള്‍ പിടിയില്‍. ബൈക്ക് യാത്രക്കാരന്റെ തലയ്ക്ക് ബിയര്‍കുപ്പികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികളായ മൂന്നുപേരാണ് അറസ്റ്റിലായിരിക്കുന്നത്. തൃശ്ശൂര്‍ ചേലക്കരസ്വദേശി ഇപ്പോള്‍ കുന്ദമംഗലം അരുണോളിച്ചാലില്‍ വി.എം. രഞ്ജിത്ത് (24), വെള്ളിപറമ്പ് ചെറുകുന്നത്ത് പി.സി അക്ഷയ് (22), കുന്ദമംഗലം പുല്‍പ്പറമ്പില്‍ വി.ആര്‍ ഹരികൃഷ്ണന്‍ (24) എന്നിവരെയാണ് നടക്കാവ് പോലീസ് പിടികൂടിയിരിക്കുന്നത്.

സെപ്റ്റംബര്‍ 26-ന് മാവൂര്‍റോഡിലാണ് സംഭവം. യാത്രക്കാരോടും കച്ചവടക്കാരോടും അപമര്യാദയായി പെരുമാറി. വടികളും ബിയര്‍കുപ്പികളും കൈയിലേന്തിനില്‍ക്കുമ്പോള്‍ അതുവഴി ബൈക്കില്‍ പോകുകയായിരുന്ന പുതിയാപ്പ സ്വദേശിയായ ദിപിന്റെ തലയ്ക്ക് കുപ്പികൊണ്ട് അടിക്കുകയായിരുന്നു. ഈ സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. പ്രധാന പ്രതിയായ രഞ്ജിത്തിനെ പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയതോടെ കണ്ണൂര്‍ ഇരിട്ടിക്കടുത്തുള്ള പഴശ്ശി ഡാമിന് സമീപപ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. മുന്‍പും രണ്ടുകേസുകളില്‍ പ്രതിയായ ഇയാള്‍ 100 ദിവസം ജയിലില്‍ കിടന്നിട്ടുണ്ട്.

ഇയാളെ നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഏറെദിവസത്തെ അന്വേഷണത്തിന് ശേഷമാണ് പിടികൂടിയത്. ചോദ്യംചെയ്യലില്‍ ഇയാളില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതികളെ പിടികൂടിയത്. സംഭവദിവസം ഇവര്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സബ് ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥ്, എ.എസ്.ഐ.എന്‍ പവിത്രകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി ശ്രീകാന്ത്, സി ഹരീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബബിത്ത് കുറുമണ്ണില്‍, എല്‍ ഷജല്‍, ശ്രീജിത്ത് ചെറോട്ട് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

summary: criminals who created an atmosphere of terror in kozhikode city under the influence of alcohol were arrested