‘അൻവർ വലതുപക്ഷത്തിന്റെ കൈയിലെ കോടാലി, ‘അൻവറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിക്കുന്നു; എം.വി. ഗോവിന്ദൻ
ന്യൂഡൽഹി: പാർട്ടിയുമായുള്ള പി.വി അൻവറിന്റെ എല്ലാ ബന്ധങ്ങളും അവസാനിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു പി.വി അന്‍വറിനെതിരെയുള്ള പ്രതികരണം. അന്‍വറിന്റെ നിലപാടുകളും രാഷ്ട്രീയസമീപനങ്ങളും പരിശോധിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംവിധാനത്തെക്കുറിച്ച് അയാള്‍ക്ക് കാര്യമായ ധാരണയില്ലെന്ന് വ്യക്തമാകും. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച അന്‍വര്‍ നടത്തിയ പത്രസമ്മേളനത്തില്‍ വലിയ രീതിയിലുള്ള പ്രചാരണം സംഘടിപ്പിച്ചത് അദ്ദേഹം മുമ്പ് എതെല്ലാം കാര്യങ്ങളാണോ വിശദീകരിച്ചത് അതിനെല്ലാം എതിരായിട്ടാണ്. പാർട്ടിയിലെ സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന അദ്ദേഹത്തിന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും കാലം എംഎൽഎയായിട്ടും കമ്യൂണിസ്റ്റ് പാർട്ടി അംഗമാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. വർഗബഹുജന സംഘടനകളിൽ ഇന്നേവരെ പ്രവർത്തിച്ചിട്ടുമില്ല. കോൺഗ്രസിൽ പ്രവർത്തിക്കുകയും തുടർന്ന് ഇടതുപക്ഷത്തിന്റെ സഹയാത്രികനായി സിപിഎം പാർലമെന്ററി പാർട്ടി അംഗമായിട്ടുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയവുമായി ബന്ധമുള്ള വേദികളിലൊന്നും അദ്ദേഹം പ്രവർത്തിച്ചിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പാർലമെന്ററി പാർട്ടി അംഗത്വം സ്വയം വലിച്ചെറിയുന്ന സമീപനം അൻവർ സ്വീകരിച്ചു. തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ അൻവർ തയ്യാറാകുന്നില്ല. അൻവർ സ്വയം സ്വതന്ത്ര എംഎൽഎയായി നിൽക്കുന്നു. അൻവറിന് പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറിയിരിക്കുന്ന സ്ഥിതിയാണ് കാണാന്‍ സാധിച്ചത്. അന്‍വറിന്റെ നിലപാടിനെതിരായി പാര്‍ട്ടിയെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണം’. കേരളത്തിലെ പാര്‍ട്ടിയേയും സര്‍ക്കാരിനെയും തകര്‍ക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും മാധ്യമങ്ങളും പ്രചാരണം നടത്തിവരികയാണ്. അതേറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് അന്‍വര്‍ ചെയ്തിട്ടുള്ളത്. ജനങ്ങള്‍ നല്‍കുന്ന പരാതി പരിശോധിച്ച് മുന്നോട്ടുപോകുന്ന രീതിയാണ് സിപിഎമ്മിനുള്ളത്. അന്‍വര്‍ നല്‍കിയ പരാതിയും ആ തരത്തില്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. പരസ്യമായി ഉന്നയിച്ച ശേഷമാണ് പരാതി നല്‍കിയത്. അത് പാര്‍ട്ടിയുടെ ശൈലിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായിക്കെതിരെയുള്ള നീക്കമെല്ലാം രാഷ്ട്രീയ വേലയാണ്. അതിനെ രാഷ്ട്രീയമായി നേരിടേണ്ടതുണ്ട്. പിണറായിയെ അറസ്റ്റ് ചെയ്യണമെങ്കിൽ എഫ്ഐആർ വേണം. അങ്ങനെ എഫ്ഐആർ ഇല്ല. പിന്നെ എങ്ങനെ അറസ്റ്റു ചെയ്യുമെന്നും എം.വി ഗോവിന്ദൻ ചോദിച്ചു. അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Description: CPM state secretary mv-govindan against MLA PV anvar