”അതായിരുന്നു മേപ്പയ്യൂരിലെ കോടിയേരിയുടെ അവസാന പരിപാടി; മാസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ചത് വീണ്ടും വരാനുള്ള ആഗ്രഹം, ആ വാക്കുകള്‍ വരച്ചിട്ട് ഞങ്ങള്‍ കാത്തിരുന്നു” കോടിയേരിയുടെ മേപ്പയ്യൂരിലെ പരിപാടിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സി.പി.എം ലോക്കല്‍ സെക്രട്ടറി രാധാകൃഷ്ണന്‍


ടി.പി. രാമകൃഷ്ണനോടൊപ്പമാണ് അന്ന് എ. കെ.ജി സെന്ററില്‍ കോടിയേരിയുടെ മുറിയിലേക്ക് കാലെടുത്ത് വെച്ചത്. അതിഥി കസേരകള്‍ നിറഞ്ഞ മുറിയില്‍ ഏകനായി സഖാവ്. പേന ചലിക്കുന്നതിനിടെ ഇടത് കൈ കൊണ്ട് കസേര ചൂണ്ടി ഇരിക്കാനുള്ള ക്ഷണം.

വിഷയം അവതരിപ്പിച്ചത് ടി.പി. അഞ്ച് സ്‌നേഹ വീടുകളുടെ താക്കോല്‍ ദാനത്തിന് എത്തണമെന്ന അഭ്യര്‍ഥന ഡയറിയിലെ പേജുകള്‍ മറിച്ച് തിയ്യതി ഉറപ്പിച്ചു. 2019 ജനവരി 14 അതായിരുന്നു മേപ്പയ്യൂരിലെ അവസാന പരിപാടി. മേപ്പയ്യൂര്‍ സമീപകാലത്ത് കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തി അഞ്ച് കുടുംബങ്ങളുടെ ചിരകാല സ്വപ്നത്തിലേക്ക് കടക്കാനുള്ള താക്കോല്‍ കോടിയേരി കൈമാറി.

ജനക്കൂട്ടത്തെ വകഞ്ഞ് മാറ്റി കൂറ്റന്‍ പ്രകടനം ഗ്രൗണ്ടിലെത്താന്‍ വൈകി. അഞ്ച് മണി പിന്നെ ആറും കടന്നു. ഉള്ള്യേരിയിലെ സഖാക്കളുടെ ആകുലത നിറഞ്ഞ ഫോണിലെ സന്ദേശം പി.മോഹനന്‍ മാസ്റ്ററുടെ മുഖത്ത് നിന്ന് വായിച്ചെടുത്തു. കാത്തിരിപ്പ് ഒരു മണിക്കൂറിലേറെ നീണ്ടു. കോടിയേരിയുടെമുഖം അപ്പോഴും പ്രസന്നം. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം തോളില്‍ തട്ടി മടക്കം. അത് അഭിനന്ദനത്തിന്റെ കരസ്പര്‍ശമായി തോന്നി.

മാസങ്ങള്‍ക്ക് മുമ്പ് വീണ്ടും കോടിയേരിയെ നേരില്‍ കണ്ടു ടി.പി.യുടെ നിര്‍ദേശാനുസരണം ബിജു കണ്ടങ്കൈയുടെ കൂടെ സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെട്ടിട ഉദ്ഘാടനമായിരുന്നു വിഷയം. പഴയ ഊര്‍ജസ്വലതക്ക് മങ്ങലേറ്റുവോ മനസ്സ് പറഞ്ഞു അത് വെറും തോന്നലാണ് അമേരിക്കയില്‍ പോകേണ്ടതുണ്ട്. മടങ്ങിവന്നിട്ട് തിയ്യതി നിശ്ചയിക്കാം. ടി.പി.യെ ബന്ധപ്പെട്ടാല്‍ മതി. മറുപടി. പങ്കെടുക്കാനുള്ള ആഗ്രഹം ആ വാക്കുകള്‍ വരച്ചിട്ടു
ഞങ്ങള്‍ കാത്തിരുന്നു. അമേരിക്കയില്‍ നിന്നുള്ള മടക്കം അപ്പോളോ ആശുപത്രി പിന്നെ ………