പാലേരിയിലും കായണ്ണയിലുമുണ്ടായ അക്രമസംഭവങ്ങളില്‍ അക്രമികളെ സംരക്ഷിക്കുന്നു; സംഘര്‍ഷം തടയാന്‍ ഇടപെട്ട സി.പി.എം നേതാവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ചു; പേരാമ്പ്ര എ.എസ്.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം ഏരിയ കമ്മിറ്റി



പേരാമ്പ്ര:
പേരാമ്പ്ര എ.എസ്.പി വിഷ്ണുപ്രദീപിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ഏരിയ കമ്മിറ്റി. ക്രമസമാധാനപാലനത്തില്‍ നീതിയുക്തമായി നടപടി സ്വീകരിക്കുന്നതിനുപകരം എ.എസ്.പി പക്ഷപാതം കാട്ടുന്നതായും അക്രമികളെ സംരക്ഷിക്കുന്നതായും സി.പി.എം ആരോപിക്കുന്നു.

അടുത്തിടെ പാലേരിയിലും കായണ്ണയിലുമുണ്ടായ അക്രമസംഭവങ്ങളില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിനുപകരം സി.പി.എം പ്രവര്‍ത്തകരെ വേട്ടയാടാനാണ് പൊലീസ് തയാറായതെന്ന് സി.പി.എം സംഭവങ്ങള്‍ എടുത്ത് പറഞ്ഞ് വിശദീകരിക്കുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വടക്കുമ്പാട് കോങ്ങോടുമ്മല്‍ വിപിന്റെ വീട്ടിലേക്ക് അര്‍ധരാത്രിയില്‍ ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ തയാറായിട്ടില്ല.

സംഭവത്തില്‍ വീടുകയറി ഭീഷണിപ്പെടുത്തിയെന്നുകാട്ടി ആര്‍.എസ്.എസുകാരന്‍ നല്‍കിയ പരാതിയിലും കന്നാട്ടിയില്‍ ബോംബേറുണ്ടായെന്ന പരാതിയിലും സി.പി.എം പ്രവര്‍ത്തകരുടെ വീടുകളില്‍ അര്‍ധരാത്രിയില്‍ റെയ്ഡ് നടത്തുകയും സ്ത്രീകളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തുകയുമാണ് പൊലീസ് ചെയ്യുന്നത്.

പ്രദേശത്ത് സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ ഇടപെട്ട സി.പി.എം ലോക്കല്‍ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ പി.എസ്. പ്രവീണിനെ കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെ അന്യായമായി തടഞ്ഞുവെക്കുകയും ചെയ്തുവെന്ന് ഇവര്‍ വ്യക്തമാക്കി.

കായണ്ണയിലെ ആള്‍ദൈവം ഏറെക്കാലമായി ആഭിചാരക്രിയയും ദുര്‍മന്ത്രവാദവുമായി ജനങ്ങളെ ചൂഷണം ചെയ്യുകയും നാടിന്റെ സൈ്വരജീവിതം തകര്‍ക്കുകയുമാണ്. നാട്ടുകാര്‍ നിരന്തരം പരാതി നല്‍കിയിട്ടും പൊലീസ് നടപടിയുണ്ടാകുന്നില്ല. ഇലന്തൂര്‍ ആഭിചാരക്കൊലയുടെ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി, കഴിഞ്ഞ ദിവസം ഇവിടേക്ക് വാഹനങ്ങളിലെത്തിയവരെ തിരിച്ചയച്ചിരുന്നു. ഇതില്‍ നാട്ടുകാര്‍ക്കെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്.

ആള്‍ദൈവത്തിനെതിരെ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി പരാതി നല്‍കുകയും ആറുമാസത്തിലേറെ സമാധാനപരമായ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തുകയുണ്ടായി. ആള്‍ദൈവത്തിനെതിരെ കേസെടുക്കണമെന്നും ആഭിചാരകേന്ദ്രം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. കുറ്റവാളിക്കെതിരെ കേസെടുക്കുന്നതിനുപകരം ആക്ഷന്‍ കമ്മിറ്റിക്കാര്‍ക്കെതിരെ കേസെടുക്കുകയാണ്.

ആര്‍.എസ്.എസുകാര്‍ നല്‍കിയ ലിസ്റ്റനുസരിച്ച് 18 വയസ്സില്‍ താഴെയുള്ളവരെയും മിലിറ്ററി, നേവി തുടങ്ങിയ സേനകളിലും പി.എസ്.സി മുഖേന ജോലി പ്രതീക്ഷിച്ചിരിക്കുന്നവരെയും കള്ളക്കേസില്‍ കുടുക്കി മനഃപൂര്‍വം ദ്രോഹിക്കുകയാണ്.

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പൊലീസ് നയത്തിനു വിരുദ്ധമായ ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ച് പൊലീസ് നീതിപൂര്‍വം പ്രവര്‍ത്തിക്കണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ എം.കെ. നളിനി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മത്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞമ്മത്, എ.കെ. ബാലന്‍, എസ്.കെ. സജീഷ് എന്നിവര്‍ സംസാരിച്ചു.