അരവിന്ദ് ഘോഷ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിക്കുക, കളരി അക്കാദമി പദ്ധതി യാഥാര്‍ത്ഥ്യമാക്കുക; വടകരയുടെ വികസനങ്ങള്‍ ചര്‍ച്ച ചെയ്ത് സി.പി.ഐ.എം ലോക്കല്‍ സമ്മേളനങ്ങള്‍
വടകര: സി.പി.ഐ.എം വടകര ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ 2ന് പുതുപ്പണം സൗത്ത്, നടക്കുതാഴ നോര്‍ത്ത് സമ്മേളനങ്ങളോടെയാണ് ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായത്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ജനങ്ങൾക്കുണ്ടാവുന്ന യാത്രാ ദുരിതത്തിന് പരിഹാരമായി അരവിന്ദ് ഘോഷ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന് പുതുപ്പണം സൗത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
അരവിന്ദഘോഷ് റോഡ് എം നാരായണി നഗറിൽ ജില്ലാ കമ്മിറ്റി അംഗം എ.എം റഷീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കെ ബാലകൃഷ്ണൻ, എം രമണി, സരിൻ രാജ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ബി ബാജേഷ് രക്തസാക്ഷി പ്രമേയവും കെ.ടി.കെ സജീവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.സി രമേശൻ, കെ ശ്രീധരൻ, വി.കെ വിനു, പി.എം ലീന എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എ.സത്യൻ സ്വാഗതം പറഞ്ഞു. പി.കെ ബാലകൃഷ്ണൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് മികച്ച സേവനം ഉറപ്പു വരുത്തണമെന്ന് സി.പി.ഐ.എം നടക്കുതാഴ നോർത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പുതിയാപ്പ് എം ദാസൻ സ്മാരകത്തിലെ കെ.പി ബാലൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗ കെ.കെ ലതിക ഉദ്ഘാടനം ചെയ്തു. എം.ദിനേശൻ, റീന ജയരാജ്, ശ്രീദീപ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
കെ.കെ സന്തോഷ് രക്തസാക്ഷി പ്രമേയവും എം.എം രാമചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി.പി ഗോപാലൻ, ജില്ലാ കമ്മിറ്റി അംഗം കെ.പുഷ്പജ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.കെ കൃഷ്ണദാസ്, പി.കെ ശശി എന്നിവർ സംസാരിച്ചു. പി.പി പവിത്രൻ സ്വാഗതം പറഞ്ഞു. കെ.വത്സലൻ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഒക്ടോബര്‍ 3ന് പുതിയാപ്പ് എം ദാസന്‍ സ്മാരകത്തിലെ കെ.പി ബാലന്‍ മാസ്റ്റര്‍ നഗറില്‍ നടന്ന സി.പി.ഐ.എം നടക്കുതാഴ സൗത്ത് ലോക്കല്‍ സമ്മേളനം ജില്ല കമ്മിറ്റി അംഗം പി.കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. കടത്തനാടിന് പേരും പെരുമയും നേടിക്കൊടുത്ത കളരി പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ട് നഗരസഭ സർക്കാരിൽ സമർപ്പിച്ച കളരി അക്കാദമി പദ്ധതി യാഥാർഥ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പി.കെ ദിനിൽകുമാർ, പി.കെ സതീശൻ, എ.ബിന്ദു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി.കെ ജിതേഷ് അനുശോചന പ്രമേയവും, എ.പി പ്രജിത രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഏരിയ കമ്മറ്റി അംഗം പി.കെ ശശി സംസാരിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം സി ഭാസ്‌കരന്‍ സംസാരിച്ചു. വി.വിവേക് സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണെന്ന് സി.പി.ഐ.എം കടമേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. തണ്ണീര്‍പന്തല്‍ ടി.കെ കുഞ്ഞിരമാന്‍ നഗറില്‍ ജില്ലാ കമ്മിറ്റി അംഗം കെ.ടി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. അഖില്‍ ബാബു, എം.കെ നാണു, രാധ ചാലില്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മീത്തലെ കാട്ടില്‍ നാണു സെക്രട്ടറിയായ 13 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Description: CPIM Vadakara local meetings have started