വടകര ഗവ. ജില്ലാ ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണും അനുബന്ധ സൗകര്യങ്ങളും അനുവദിക്കണം; നാടിൻ്റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്ത് സിപിഐഎം വടകര ഏരിയ സമ്മേളനം


വടകര: വടകര ഗവൺമെണ്ട് ജില്ലാ ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണും അനുബന്ധ സൗകര്യങ്ങളും അടിയന്തരമായി അനുവദിച്ച്, താലൂക്കിലെ ജനങ്ങളുടെ ആരോഗ്യ രംഗത്തെ പ്രധാന ആശ്രയ കേന്ദ്രമായ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ എം വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 1958 ൽ മുഖ്യമന്ത്രി ഇഎംഎസ് ഉദ്ഘാടനം ചെയ്ത‌ ആശുപത്രിയാണ് വടകര താലൂക്ക് ഗവൺമെണ്ട് ആശുപത്രി. പി.കെ ശ്രീമതി മന്ത്രിയായിരിക്കെ ആശുപത്രിയെ ജില്ലാ ആശുപത്രിയായി പ്രഖ്യാപിക്കുകയും, 5 കോടി രൂപ കെട്ടിട നിർമ്മാണത്തിനായി അനുവദിക്കുകയും ചെയ്തു.

പിന്നീട് നബാർഡും 13.7കോടിരൂപ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചു. 2022ൽ കെട്ടിടത്തിൻ്റെ പണി പൂർത്തിയാക്കി മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇതോടുകൂടി ആശുപത്രിയുടെ ഭൗതികസൗകര്യം തൃപ്‌തികരമായി മെച്ചപ്പെട്ടു. ജില്ലാ ആശുപത്രിക്കാവശ്യമായ കിടക്കകളുടെ എണ്ണവും ഇന്ന് ആശുപത്രിയിലുണ്ട്. കൂടാതെ 3കോടി രൂപ ചെലവിൽ 4 നിലയിലുള്ള പുതിയ കെട്ടിടത്തിൻ്റെ പണി ഉടനെ ആരംഭിക്കാനും പോകുകയാണ്. എന്നാൽ ജില്ലാ ആശുപത്രി എന്ന 2011 ലെ പ്രഖ്യാപനം ഇന്നും യാഥാർഥ്യമായില്ല എന്നതാണ് ആശുപത്രി ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധി.

സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്താത്തതാണ് ഇതിന് കാരണം. അതുകൊണ്ട് ദിനേന എത്തുന്ന നൂറ് കണക്കിന് രോഗികൾക്ക് തൃപ്‌തികരമായ സേവനങ്ങൾ നൽകാൻ ആശുപത്രിക്ക് കഴിയുന്നില്ല.
ജനകീയമായ ധനസമാഹരണത്തിലൂടെ ആരംഭിച്ച ധന്വന്തരി ഡയാലിസിസ് സെൻ്ററിന്റെ ആഭിമുഖ്യത്തിത്തിൽ ദിവസേന 106 രോഗകൾക്ക് സൗജന്യമായി ഡയാലിസിസ് നൽകുന്നുണ്ട്. എന്നാൽ ആശുപത്രിൽ നെഫ്രോളിജിസ്റ്റ് ഇല്ല. വർഷത്തിൽ 300 ലേറെ പ്രസവം നടക്കുന്ന ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗവുമില്ല. താലൂക്കിൽ തന്നെ കാർഡിയോളജി വിഭാഗത്തിൽ ഒരു സർക്കാർ ഡോക്ടറുടെ സേവനം ഇല്ലാത്ത സ്ഥിതിയുമുണ്ട്.

വടകരയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് അടിയന്തിരമായി പ്രവൃത്തി പൂർത്തീകരിക്കുക, കുറ്റ്യാടി പുഴയിൽ നിന്നുള്ള മണൽ വാരൽ നിരോധനം പിൻവലിക്കുക, വടകരയിലെ ആർഎംഎസ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കുക, കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങൾക്ക് പ്രവർത്തന മൂലധന വായ്പ അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

Summary: Vadakara Govt. The staffing pattern of the district hospital and related facilities should be allowed; CPIM Vadakara area conference to discuss development issues of the country