ഷാഹുല്‍ ഹമീദുമായി പ്രണയത്തിലായിരുന്നെന്നും വിവാഹിതയാണെന്നും ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദില കോടതിയില്‍; പെണ്‍കുട്ടിയെ അഞ്ച് ദിവസത്തേക്ക് ഷോര്‍ട്ട് സ്‌റ്റേഹോമിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പേരാമ്പ്ര കോടതി
മേപ്പയ്യൂര്‍: കുരുവട്ടൂര്‍ സ്വദേശി ഷാഹുല്‍ ഹമീദുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നെന്നും തങ്ങള്‍ ഇപ്പോള്‍ വിവാഹിതരാണെന്നും ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദില നിര്‍ബാസ് പേരാമ്പ്ര കോടതിയെ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ കാണാതായ ആദില ഇന്ന് രാവിലെ ഷാഹുല്‍ ഹമീദിനൊപ്പം മേപ്പയ്യൂര്‍ പൊലീസില്‍ ഹാജരായിരുന്നു. തുടര്‍ന്നാണ് ആദിലയെ കോടതിയില്‍ ഹാജരാക്കിയത്.
നാലുദിവസമായി ഷാഹുല്‍ ഹമീദിനൊപ്പമാണെന്നും ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യമെന്നും ആദില കോടതിയെ അറിയിച്ചതായി അഭിഭാഷക ജിഷ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ബന്ധുക്കള്‍ ആശങ്കയറിയിച്ച പശ്ചാത്തലത്തില്‍ അത് പരിശോധിക്കണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കുവേണ്ടി ആദിലയെ അഞ്ചുദിവസം ഷോര്‍ട്ട് സ്‌റ്റേ ഹോമിലേക്ക് മാറ്റിയിരിക്കുകയാണെന്നും ജിഷ വ്യക്തമാക്കി.
പെണ്‍കുട്ടിയിപ്പോള്‍ കോഴിക്കോട് ഷോര്‍ട്ട് സ്‌റ്റേ ഹോമിലാണ്. അഞ്ചുദിവസത്തിനുശേഷം പയ്യോളി കോടതിയില്‍ ഹാജരാക്കാനും കോടതി ഹാജരാക്കുമെന്ന് മേപ്പയ്യൂര്‍ പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കോവുംപുറം വാര്‍ഡില്‍ നിന്നുള്ള പഞ്ചായത്തംഗമാണ് ആദില.