വടകരയിലെ എലിവേറ്റഡ് ഹൈവേ നിർമ്മാണം വേഗത്തിലാക്കും, റോഡിലെ ഗതാഗത തടസം പരിഹരിക്കാൻ ഉടൻ നടപടി; ദേശീയപാതയിലെ പ്രശ്നപരിഹാരത്തിന് നഗരസഭയിൽ യോഗം ചേർന്നു


വടകര: വടകര നഗരസഭ പരിധിയിലൂടെ കടന്നുപോകുന്ന ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നഗരസഭ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്തു. പെരുവാട്ടുംതാഴ മുതൽ മൂരാട്പാലം വരെയാണ് വടകര നഗരസഭ പരിധിയിൽ ആറുവരി പാത നിർമ്മാണം നടക്കുന്നത്. നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ ബിന്ദു അധ്യക്ഷത വഹിച്ചു.

നഗരസഭയിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, അദാനി, വാഗഡ് കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ എൻ.എച്ച്.എ.ഐ വർക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചു ചേർത്തത്.

ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ യോഗത്തിൽ കൗൺസിലർമാർ ചൂണ്ടിക്കാണിച്ചു. പെട്ടെന്ന് പരിഹരിക്കേണ്ട കുണ്ടും കുഴികളും ഫില്ല് ചെയ്ത് യാത്രാക്ലേശം പരിഹരിക്കാനും എസ്.ജി.എം.എസ്.ബി സ്കൂൾ സമീപത്തെ റോഡും, സഹകരണ ആശുപത്രി റോഡും നാളെത്തന്നെ വാഹന ഗതാഗതത്തിന് തടസ്സം ഇല്ലാത്ത രീതിയിൽ പുനസ്ഥാപിക്കാനും തീരുമാനിച്ചു.

എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാനും, പാലോളി പാലത്തെ സർവീസ് റോഡ് പൂർത്തീകരിച്ച് അവിടെ ഉണ്ടാകുന്ന അപകടങ്ങൾ കുറക്കുന്ന തരത്തിൽ ദേശീയപാതയിൽ നിന്ന് നേരിട്ടുള്ള പ്രവേശനം ഒഴിവാക്കാനും, പാലയാട്ട്നട ഭാഗത്തെയും മണൽതാഴെ ഭാഗത്തെയും റോഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും ധാരണയായി.