കുറ്റ്യാടി സ്‌നേഹസ്പര്‍ശം ഡയാലിസിസ് സെന്റര്‍ ജീവനക്കാരെ പിരിച്ച് വിട്ട സംഭവത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്; ഉടന്‍ തിരിച്ചെടുക്കണമെന്ന് ആവശ്യം


കുറ്റ്യാടി: കുറ്റ്യാടി സ്‌നേഹ സ്പര്‍ശം ഡയാലിസിസ് സെന്ററില്‍ നിന്നും പിരിച്ചി വിട്ട ജീവനക്കാരെ ഉടന്‍ തിരിച്ചടുക്കണമെന്ന് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ആവിശ്യപ്പെട്ടു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ സയാലിസിസ് സെന്ററിനു മുന്നില്‍ ആറ് ദിവസമായി കുത്തിയിരിപ്പ് സമരം തുടരുന്ന സാഹചര്യത്തിലാണിത്.

ഒന്‍പത് വര്‍ഷക്കാലമായി ജോലി ചെയ്ത നാല് നഴ്‌സിംഗ് അസിസ്റ്റന്റുമാരെയാണ് ഒരു കാരണവുമില്ലാതെ രാഷ്ട്രീയ പ്രേരിതമായി പിരിച്ചുവിട്ടതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ജനകീയ സഹകരണത്തോടെ പ്രവര്‍ത്തിച്ചു വരുന്ന ഡയാലിസ് സെന്റര്‍ കഴിഞ്ഞ ദിവസം കുറ്റ്യാടി ഗവ: ആശുപത്രിയുടെ കീഴിലുള്ള എച്ച്.എം.സി ഏറ്റെടുത്തിരുന്നു. ഇതിന് ശേഷം നടന്ന ഇന്റര്‍വ്യുയില്‍ പുതിയ ആളുകളെ ഉള്‍പെടുത്തുകയും പഴയ നേഴ്സിങ് അസിസ്റ്റന്റുമാരായ നാലുപേരെ പിരിച്ചുവിടുകയുമായിരുന്നു.

ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് ജന പ്രതിനിധികള്‍ പ്രതിഷേധ സംഗമം നടത്തി. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉല്‍ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.സി.അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു.

ഒ.പി.മനോജ്, പി.പി.ആലിക്കുട്ടി, ഹാഷിം നമ്പാടന്‍, ഇ.എം.അസ്ഹര്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, പപ്പന്‍ കരണ്ടോട്, ചാരുമ്മല്‍ കുഞ്ഞബ്ദുല്ല, ലീബ സുനില്‍, എ.ടി.ഗീത, പി.കെ.ഷമീന, കെ.വി.ജമീല എന്നിവര്‍ പ്രസംഗിച്ചു.