പണി തുടങ്ങിയിട്ട് രണ്ട് വർഷം, ചെളിക്കുളമായി റോഡ്; പുറ്റം പൊയില്‍- ചെമ്പ്ര റോഡില്‍ ‘ഞാറ്നട്ട്’ കോണ്‍ഗ്രസ്സ് പ്രതിഷേധം (വീഡിയോ കാണാം)


പേരാമ്പ്ര: മഴ പെയ്തതോടെ ചെളിക്കുളമായ പുറ്റം പൊയില്‍- ചെമ്പ്ര റോഡില്‍ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാണ്ടിക്കോട് ഭാഗത്ത് റോഡില്‍ പ്രതീകാത്മകമായി ഞാറ് നട്ടുകൊണ്ടായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പാണ്ടിക്കോട് മേഖല കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

രണ്ടു വര്‍ഷത്തോളമായി തുടരുന്ന റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാവാത്തതില്‍ പ്രതിഷേധിച്ച് നിരവധി സമരങ്ങള്‍ ഇതിനോടകം തന്നെ നടന്നിട്ടുണ്ടെങ്കിലും പ്രവൃത്തി ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പാണ്ടിക്കോടും പുറ്റം പൊയിലുമായി രണ്ട് വലിയ അപകടങ്ങള്‍ ഇതിനു മുന്‍പ് നടക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യം വരെ ഉണ്ടാവുയിട്ടും അധികൃതര്‍ യാതൊരുവിധ നടപടിയും സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും പ്രതിഷേധക്കാര്‍ പരാതിപ്പെട്ടു. അപകടം നടന്ന സമയത്ത് ബന്ധപ്പെട്ട അധികാരികളുമായി നടന്ന ചര്‍ച്ചയില്‍ ഉടന്‍ തന്നെ ഗതാഗത യോഗ്യമാക്കുമെന്ന് ഉറപ്പു നല്‍കിയതാണ് എന്നാല്‍ ഈ വാക്ക് പാലിക്കപ്പെട്ടില്ല.

മഴ പെയ്തതോടെ ഇപ്പോള്‍ റോഡ് ആകെ ചെളിക്കുളമായി മാറിയിരിക്കുകയാണ്. കാല്‍നടയാത്രക്കാരും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും ഏറെ പ്രയാസപ്പെട്ടാണ് ഓരോദിനവും ഇതുവഴി കടന്നുപോവുന്നത്. ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടന്ന് ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഞാറു നടല്‍ സമരം വാര്‍ഡ് മെമ്പറും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. റഷീദ് പുറ്റം പൊയില്‍ അധ്യക്ഷത വഹിച്ചു. വി.കെ രമേശന്‍ മാസ്റ്റര്‍, ടി.എന്‍ കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍, സായൂജ് അമ്പലക്കണ്ടി, കെ.സി അനീഷ്, അക്ഷയ് ആര്‍.പി, രാജന്‍ ഇ.എം, സത്യന്‍ കറ്റു കണ്ടി, അഷറഫ് ചാലില്‍, നിസാര്‍ കെ.വി. അമിത്ത് മനോജ് എന്നിവര്‍ സംസാരിച്ചു.

വീഡിയോ കാണാം