‘വോട്ടിനും അധികാരത്തിനുമായി കോൺഗ്രസും ലീഗും ഭൂരിപക്ഷ– ന്യൂനപക്ഷ വർഗീയതയുമായി സഹകരിക്കുന്നു’: മുഖ്യമന്ത്രി പിണറായി വിജയൻ
വടകര: നാലുവോട്ടിനും അധികാരത്തിനുമായി കോൺഗ്രസും മുസ്ലിംലീഗും ഭൂരിപക്ഷ– ന്യൂനപക്ഷ വർഗീയതയുമായി സഹകരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുഭാഗത്ത് ഭൂരിപക്ഷ വർഗീയതയേയും മറുഭാഗത്ത് ന്യൂനപക്ഷവർഗീയതയേയും ചേർത്തുപിടിക്കുന്ന യുഡിഎഫ് നിലപാട് നാടിന് ആപത്താണ്. വര്‍ഗീയതക്ക് മാന്യത കല്‍പ്പിച്ച് കൊടുക്കരുതെന്നും അത് തിരിച്ചറിയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകരയിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാദൗർബ്ബല്യം പരിഹരിക്കാൻ വർഗീയതയുടെ സംഘടനാശേഷി ഉപയോഗിക്കുകയാണ് യുഡിഎഫ്. ഇത് മതനിരപേക്ഷതക്കും ജനതാൽപര്യത്തിനും ആപത്താണ്. ജമാഅത്തെ ഇസ്ലാമിയേയും എസ്‌ഡിപിഐയേയും ബിജെപിയേയും ഒപ്പം കൂട്ടുന്ന മെയ്യഭ്യാസമാണ് യുഡിഎഫ് കാട്ടുന്നത്.
വർഗീയതയെ നേരിടുമ്പോൾ വോട്ടല്ല പ്രധാനമെന്ന് യുഡിഎഫ് തിരിച്ചറിയണം. വർഗീയതയുമായി ചേർന്നാൽ തകരുന്നത് മതനിരപേക്ഷതയാണ്. മുസ്ലിംജനസമൂഹത്തിലെ സുന്നികളടക്കം മഹാഭൂരിപക്ഷം ജമാഅത്തെ ഇസ്ലാമിയെ എതിർക്കുകയാണ്. എന്നാൽ ലീഗിന് അവരെ തുറന്നെതിർക്കാനാകുന്നില്ല. ലീഗിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്ന നിലയിലേക്ക് ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും മാറി. അവർക്കാണിന്ന് ലീഗിന്റെ കൈകാര്യകർത്തൃത്വം. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെവിജയം ആദ്യം ആഘോഷിച്ചത് എസ്‌ഡിപിഐയാണ്. അത് തള്ളിപ്പറയാൻ കോൺഗ്രസിനായില്ല. എസ്‌ഡിപിഐ വിജയത്തിന്റെ നേരവകാശിയായപ്പോൾ അതിന് കൈയൊപ്പ് ചാർത്തി കോൺഗ്രസും ലീഗും.
വർഗീയതയുടെ വികാരമുയർത്തി യുഡിഎഫ് എങ്ങോട്ടാണ് നാടിനെ നയിക്കുന്നതെന്ന് ചിന്തിക്കണം. ജമാഅത്തെ ഇസ്ലാമിയെ തള്ളിപറയാൻ നിങ്ങൾക്കെന്താണ് മടിയെന്ന് പറയണം. മുസ്ലിംങ്ങളുടെ താൽപര്യസംരക്ഷണത്തിന് ഈ നിലപാട് ഗുണകരമല്ല. ബിജെപി ഭരണത്തിൽ രാജ്യമാകെ ന്യൂനപക്ഷ വേട്ട നടക്കുന്നു.ഈ ഘട്ടത്തിൽ വർഗീയതക്ക് വളംവെക്കുന്ന സമീപനം പൊതുവായി ന്യൂനപക്ഷത്തിന് വലിയ ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Summary: Congress, League colluding with majority-minority communalism for votes: Chief Minister Pinarayi Vijayan