‘സംഘടനാ വിരുദ്ധ പ്രവർത്തനം’; പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഡോ.പി.സരിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാരകരൻ പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി.
മാത്രമല്ല കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതിന് പിന്നാലെയാണ് അതൃപ്തിയറിയിച്ച് സരിന്‍ രംഗത്തെത്തിയത്. തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 2023ൽ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ കോൺഗ്രസിൽനിന്ന് രാജിവെച്ച അനിൽ ആന്റണിക്ക് പകരക്കാരനായാണ് സരിൻ ഡിജിറ്റൽ മീഡിയ സെൽ കണ്‍വീനറായി എത്തുന്നത്.
അതേ സമയം ഇനി ഇടതുപക്ഷത്തോടൊപ്പമാണെന്നാണ് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ‘‘സിപിഎമ്മാണ് ബിജെപി ബാന്ധവത്തിന്റെ പേരിൽ കുറച്ചു നാളായി വേട്ടയാടപ്പെടുന്നത്. എൽഡിഎഫിന്റെ നേതൃത്വത്തോട് എനിക്ക് ഇടമുണ്ടോ എന്ന് അന്വേഷിക്കുകയാണ്. മറുപടി പ്രതീക്ഷിക്കുന്നു, കാക്കുന്നു’’എന്നാണ് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.