മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹം ഉറപ്പിച്ചു, വീട് വയ്ക്കാൻ 96 ലക്ഷം രൂപ നൽകി; പ്രവാസിയെ കബളിപ്പിച്ച് കോഴിക്കോട് സ്വദേശിനി പണം തട്ടിയതായി പരാതി
കോഴിക്കോട്: പ്രവാസിയെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് പണം തട്ടിയ യുവതിക്കെതിരെ കേസെടുത്തു. കോഴിക്കോട് കുന്ദമംഗലം സ്വദേശിനി ജസ്‌ലയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വീട് വാങ്ങാൻ എന്നുപറഞ്ഞ് 96 ലക്ഷം രൂപ പ്രവാസി യുവാവിൽ നിന്ന് കൈപ്പറ്റി കബളിപ്പിച്ചുവെന്നാണ് പരാതി.
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി പ്രവാസി യുവാവിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. തുടർന്നാണ് വീട് വാങ്ങാനെന്ന വ്യാജേന പണം കൈപ്പറ്റിയത്. പണം കൈക്കലാക്കിയ ശേഷം യുവതി മുങ്ങിയെന്നും പിന്നീട് വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്നും പരാതിയിൽ പറയുന്നു. കുന്ദമംഗലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.