താമരശ്ശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രികന് ഏഴരലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്; തുക പത്തുദിവസത്തിനകം നല്‍കണമെന്നും നിര്‍ദേശം
താമരശ്ശേരി: സംസ്ഥാനപാതയില്‍ താമരശ്ശേരി വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിനുസമീപം റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രികന് ഏഴര ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ലോക് അദാലത്തില്‍ തീരുമാനം. ഇന്‍ഷുറന്‍സ് കമ്പനിയും കരാറുകാരനും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദേശം. നഷ്ടപരിഹാരം പത്ത് ദിവസത്തിനകം നല്‍കണം.
എകരൂല്‍ വള്ളിയോത്ത് കണ്ണോറക്കുഴിയില്‍ അബ്ദുല്‍ റസാഖി(56)നാണ് പരിക്കേറ്റത്. കലുങ്ക് നിര്‍മിക്കാനെടുത്ത കുഴിയില്‍ വീണ് റസാഖിന്റെ തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് ആറരലക്ഷം രൂപയും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഒരുലക്ഷം രൂപയും നല്‍കണം.
ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയായ സബ്ജഡ്ജ് എം.പി. ഷൈജലിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്ന അദാലത്തിലാണ് അബ്ദുല്‍ റസാഖിന്റെ പരാതി പരിഗണിച്ച് നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായത്.
റോഡില്‍ കലുങ്കു നിര്‍മിക്കാന്‍ സുരക്ഷാസംവിധാനമൊരുക്കാതെ കീറിയ കുഴിയില്‍ ജനുവരി അഞ്ചിന് രാത്രിയാണ് അബ്ദുല്‍റസാഖ് ബൈക്കുമായി വീണത്. മുന്നറിയിപ്പ് ബോര്‍ഡോ, ബാരിക്കേഡോ സ്ഥാപിക്കാതെ കുഴിക്കുചുറ്റും ഒരു റിബണ്‍ വലിച്ചുകെട്ടുക മാത്രമാണ് ചെയ്തിരുന്നത്.
അദാലത്തില്‍ അബ്ദുല്‍റസാഖ്, കെ.എസ്.ടി.പി. കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഷാജി, ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് പ്രോജക്ട് മാനേജര്‍ നരസിമ്മന്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഡെപ്യൂട്ടി മാനേജര്‍ ട്രെസാ വാലന്റീന, അഭിഭാഷകരായ ടി.വി. ഹരി, അനില്‍ വിശ്വനാഥ്, സോഷ്യോളജിസ്റ്റ് ജിജി എന്നിവര്‍ പങ്കെടുത്തു.
അബ്ദുല്‍റസാഖിന്റെ ചികിത്സാചെലവ് കരാര്‍ കമ്പനി വഹിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും നേരത്തെ കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി ഉത്തരവിട്ടിരുന്നു. എന്നാല്‍, നടപടികള്‍ വൈകിയതോടെ അബ്ദുല്‍റസാഖ് ജില്ലാ നിയമസേവന അതോറിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു.
അബ്ദുല്‍റസാഖിന് സൗജന്യ നിയമസഹായം നല്‍കാന്‍ അഭിഭാഷകന്‍ വി.പി. രാധാകൃഷ്ണനെ അതോറിറ്റി ചുമതലപ്പെടുത്തി. ഇതിനുശേഷമാണ് അദാലത്തില്‍ നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായത്.