മഴക്കാല പൂര്‍വ ശുചീകരണം; കൂരാച്ചുണ്ട് പഞ്ചായത്തില്‍ മെയ്യ് 20ന് തുടക്കം
കൂരാച്ചുണ്ട്: പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത് തല അവലോകന യോഗം ചേര്‍ന്നു. ജനപ്രതിനിധികള്‍, കൂരാച്ചുണ്ട് സിഎച്ച്സി, കക്കയം പിഎച്ച്സി, എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാര സംഘടന പ്രതിനിധികള്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
20ന് കൂരാച്ചുണ്ട് അങ്ങാടിയും പരിസരവും ശുചീകരണം നടത്തുന്നതിനും 23ന് കൂരാച്ചുണ്ട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെ ഭവനങ്ങളിലും ശുചീകരണ പ്രവര്‍ത്തനം, ബോധവത്കരണം എന്നിവ നടത്താനും തീരുമാനിച്ചു.
കൂടാതെ റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമിഴ്ത്തി വയ്ക്കുക, പാള, ഓല, എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാനും ശ്രദ്ധിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതിന്റെ ഭാഗമായി 16,17 തിയതികളില്‍ എല്ലാ വാര്‍ഡുകളിലും അംഗങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രതിനിധികള്‍ ആര്‍ആര്‍ടി അംഗങ്ങള്‍, കുടുംബശ്രീ എഡിഎസ് അംഗങ്ങള്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ക്ലബുകള്‍ എന്നിവരുടെ യോഗം ചേരുന്നതിനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു.