പേരാമ്പ്ര പഞ്ചായത്ത് ഓഫീസിൽ യുഡിഎഫ് നടത്തിയ ഉപരോധ സമരത്തിൽ സംഘര്‍ഷം; പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും, സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി


പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ യു.ഡി.എഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായതോടെ സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. പേരാമ്പ്ര റെ​ഗുലേറ്റഡ് മാർക്കറ്റിംങ് ​ഗ്രൗണ്ടിൽ മാസങ്ങളായി കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്ത് ഓഫീസ് യു.ഡി.എഫ് ഉപരോധിച്ചത്.

രാവിലെ ഒമ്പത് മണിയോടെയാണ് ഉപരോധ സമരം ആരംഭിച്ചത്. ഒരു മണിക്കൂറിന് ശേഷം പോലീസെത്തി സമരക്കാരെ പിരിച്ച് വിടാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കുകയായിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ പിരിഞ്ഞ് പോകില്ലെന്ന് പറഞ്ഞ് സമരക്കാർ പഞ്ചായത്തിന് മുന്നിൽ തടിച്ചു കൂടി. ഇതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്നാണ്‌ പോലിസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്‌.

ഉപരോധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. റസാഖ് കരിമ്പൊയിൽ അധ്യക്ഷത വഹിച്ചു. പി.പി അസീസ്, പി.കെ രാഘേഷ് തുടങ്ങിയവർ നേതൃത്വം നൽകി.