മൂന്ന് ദിവസം മൊബൈലിൽ നോക്കിയിരുന്ന് മുറിയിൽ നിന്ന് പുറത്തിറങ്ങാതെ കോഴിക്കോട്ടുകാരനായ കുട്ടി, തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചത് കേരള പൊലീസിന്റെ ‘ചിരി’; രണ്ട് വർഷത്തിനിപ്പുറം നിരവധി പേരെ ചേർത്ത് പിടിച്ച കഥകളുണ്ട് ‘ചിരി’ക്ക് പറയാൻ
കോഴിക്കോട്: പൊലീസിന്റെ നേതൃത്വത്തിലാരംഭിച്ച കൗണ്‍സലിങ് പദ്ധതി ‘ചിരി’യിലൂടെ ഒട്ടേറെപ്പേര്‍ക്ക് സാന്ത്വനം പകരാനായെന്ന് കണക്കുകള്‍. രണ്ടുവര്‍ഷത്തിനിടെ പദ്ധതിയിലേക്ക് വിളിച്ചത് മുപ്പതിനായിരത്തോളം പേരാണ്. 2020 ജൂലൈയില്‍ ആരംഭിച്ച ‘ചിരി’യിലേക്ക് ഞായറാഴ്ചവരെ 29,508 കോളുകളാണ് വന്നത്. ഇതില്‍ 10,804 എണ്ണം കുട്ടികള്‍ വലിയ സംഘര്‍ഷത്തിലായതിന്റേതും ബാക്കി 18,000 ത്തില്‍ കൂടുതല്‍ വിവരങ്ങളറിയാനും സൗഹൃദ സംഭാഷണത്തിനുമായിരുന്നു.
കോവിഡ് കാലത്ത് കുട്ടികളിലുണ്ടായ എല്ലാ മാനസിക സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, അവര്‍ റെസ്‌പോന്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍, ശിശു സൗഹൃദ പൊലീസ് എന്നിവ ചേര്‍ന്നാവിഷ്‌കരിച്ച പദ്ധതിയിലേക്കാണ് ഇത്രയും ഫോണ്‍ കോളുകള്‍ വിവിധ ജില്ലകളില്‍ നിന്നായി വന്നത്.
ഇവയിലെല്ലാം പൊലീസ് വിവിധ തരത്തിലുള്ള സാന്ത്വനം പകരുകയും ചെയ്തു. മൂന്നുദിവസം തുടര്‍ച്ചയായി മൊബൈലില്‍ നോക്കിയിരുന്ന് മുറിയില്‍നിന്ന് പുറത്തിറങ്ങാത്ത കോഴിക്കോട്ടുകാരനായ കുട്ടിയെ പൊലീസ് നേരിട്ട് വീട്ടിലെത്തിയാണ് ആശ്വസിപ്പിച്ചതും കൗണ്‍സലിങ് നല്‍കിയതും. കോട്ടയത്ത് പാലത്തിനുമുകളില്‍ കയറി പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പോയ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. വീട്ടിലെ വഴക്കിനെ തുടര്‍ന്ന് പതിനാറുകാരന്‍ സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ് സന്ദേശമയച്ച് ആത്മഹത്യ ചെയ്യാന്‍ പോവുകയായിരുന്നു. സന്ദേശം ലഭിച്ച സുഹൃത്തിലൊരാള്‍ ‘ചിരി’യുടെ ഹെല്‍പ്ലൈന്‍ നമ്പറില്‍ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ പിന്തിരിപ്പിച്ച് വീട്ടിലെത്തിച്ച് കൗണ്‍സലിങ് നല്‍കുകയായിരുന്നു.
അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മാനസിക വിഭ്രാന്തി വന്നവര്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ടവര്‍, രക്ഷിതാക്കളുടെ മദ്യപാനവും കുടുംബവഴക്കും കാരണം ഒറ്റപ്പെട്ടവര്‍, നിരന്തരം കുറ്റപ്പെടുത്തലുകളനുഭവിക്കുന്നവര്‍, അപകര്‍ഷബോധം വേട്ടയാടുന്നവര്‍, വിവിധ കാരണങ്ങളാല്‍ ഏകാന്തത അനുഭവിക്കുന്നവര്‍ എന്നിവരടക്കമുള്ള വലിയ സംഘര്‍ഷങ്ങള്‍ നേരിട്ട പതിനായിരത്തിലേറെ വരുന്നവരില്‍ ആയിരത്തോളം പേരുടെ വീടുകളില്‍ അതത് പൊലീസ് സ്റ്റേഷനുകളിലെ ഓഫിസര്‍മാര്‍ നേരിട്ടെത്തിയാണ് പ്രശ്‌നങ്ങള്‍ കേട്ടതും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതും.
കോവിഡ് കാലത്തെ മാറിയ സാഹചര്യത്തില്‍ മാനസിക സംഘര്‍ഷത്തില്‍പ്പെട്ട 66 കുട്ടികള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതടക്കം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം ചില്‍ഡ്രണ്‍സ് ആന്‍ഡ് പൊലീസിന്റെ (കേപ്പ്) ഭാഗമായി ഐ.ജി പി. വിജയന്‍ നോഡല്‍ ഓഫിസറായാണ് ‘ചിരി’ ആരംഭിച്ചത്. മാനസിക പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്ക് ഹെല്‍പ്ലൈന്‍ നമ്പറായ 9497900200ല്‍ എപ്പോഴും വിളിക്കാം.