വയനാടിന് കൈത്താങ്ങാകാൻ കുരുന്നുകളും; ഡിവൈഎഫ്ഐയുടെ റീബിൽഡ് വയനാട് ചലഞ്ചിലേക്ക് തങ്ങളുടെ സൈക്കിൾ നൽകി നാദാപുരം റോഡ് പുന്നേരി താഴെയിലെ സഹോദരങ്ങൾ


നാദാപുരംറോഡ്: ഉരുൾപൊട്ടൽ ദുരിതത്തിൽ പ്രയാസം അനുഭവിക്കുന്ന വയനാടിന് കൈത്താങ്ങാകാൻ കുരുന്നുകളും. ഡിവൈഎഫ്ഐയുടെ റീബിൽഡ് വയനാട് ചലഞ്ചിലേക്ക് തങ്ങളുടെ സൈക്കിൾ നൽകി നാദാപുരം റോഡ് പുന്നേരി താഴെയിലെ സഹോദരങ്ങൾ . അൻമയ്, അമൃത് ദേവ് എന്നിവരാണ് തങ്ങളുടെ സൈക്കിൾ നൽകി മാതൃകയായത്.

ഡി വൈ എഫ് ഐ വയനാടിലെ ദുരിത ബാധിതർക്ക് നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ നിർമ്മാണ ചെവല് കണ്ടെത്തുന്നതിനായാണ് ഇന്ന് രാവിലെ പ്രവർത്തകർ അൻമയിന്റേയും അമൃതിന്റേയും വീട്ടിലെത്തിയത്. വയനാടിന് വേണ്ടിയാണ് തുക സമാഹരിക്കുന്നതെന്നറിഞ്ഞപ്പോൾ കുട്ടികൾ അവരുടെ ഇഷ്ട പ്രകാരം സൈക്കിൾ നൽകുകയായിരുന്നെന്ന് വാർഡം​ഗവും ഡിവൈഎഫ്ഐ വെള്ളികുളങ്ങര മേഖല കമ്മിറ്റി ഭാരവാഹിയുമായ രമ്യ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

കുട്ടികൾ നൽകിയ സൈക്കിൾ വിറ്റുകിട്ടുന്ന തുക റീബിൽഡ് വയനാട് ചലഞ്ചിലേക്ക് വകയിരുത്തുമെന്നും രമ്യ പറഞ്ഞു. പി കെ വിസ്മയ, സന്മയ, വികാസ് എന്നിവർ സൈക്കിൾ ഏറ്റുവാങ്ങി. പുന്നേരി ഷിജു- സഹിത ദമ്പതികളുടെ മക്കളാണ് അൻമയും അമൃത് ദേവും.