കുട്ടികൾക്കിനി പൂമ്പാറ്റകളെപ്പോലെ പാറി നടക്കാം; വടകര നഗരസഭയിലെ കുളങ്ങരത്ത് നിർമ്മിച്ച ബേബി ഫ്രണ്ട്ലി അങ്കണവാടി നാടിന് സമർപ്പിച്ചു


വടകര: വടകര നഗരസഭ മൂന്നാം വാർഡിൽ കുളങ്ങരത്ത് പുതുതായി സ്ഥലം വാങ്ങി നിർമ്മിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു ഉദ്ഘാടന കർമ്മം നിർവഹിച്ചു. വടകര നഗരസഭയിലെ 84 അങ്കണവാടികളിൽ 57 അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞതായും, സ്വന്തമായി ബിൽഡിങ്ങുകൾ ഉള്ള അങ്കണവാടികളെല്ലാം മികച്ച സൗകര്യങ്ങളോടെ ക്രാഡിൽ അംഗനവാടികൾ ആക്കി മാറ്റുന്ന പ്രവർത്തനം നടന്നുവരികയാണെന്ന് ചെയർപേഴ്സൻ കെ.പി.ബിന്ദു പറഞ്ഞു.

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾ ഒക്കെ തന്നെ സ്വന്തം കെട്ടിടത്തിലേക്ക് മാറണമെങ്കിൽ ആ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണം വേണമെന്നും സ്ഥലം ലഭ്യമായാൽ നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി പെട്ടന്നു തന്നെ കെട്ടിടം നിർമ്മിക്കുമെന്നും കെ.പി.ബിന്ദു പറഞ്ഞു.

തീർത്തും ബേബി ഫ്രണ്ട്ലി എന്ന നിലയിലാണ് ക്രാഡിൽ അംഗനവാടികൾ ആക്കിക്കൊണ്ട് നഗരസഭ ചെയ്തുവരുന്നത്. അംഗണവാടികളിലെ കുട്ടികൾക്ക് മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനും പോഷകസമൃദ്ധമായ അനുപൂരകാ പോഷകാഹാരം വിതരണം ചെയ്യാനും നെറ്റ് സീറോ കാർബൺ പദ്ധതി ഏറ്റെടുത്ത കേരളത്തിലെ ആദ്യ നഗരസഭയായ വടകര കാർബൺ ബഹർഗമനം കുറക്കാൻ ആവശ്യമായ രീതിയിൽ അടുപ്പുകളും പാത്രങ്ങളും വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. വീട്ടുമുറ്റത്തെ പൂന്തോട്ടം എന്നറിയപ്പെടുന്ന അങ്കണവാടികൾക്ക് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ട് നഗരസഭ മുന്നോട്ട് പോകുകയാണ്.

ഉദ്ഘാടന പരിപാടി നാട്ടുകാരുടെ നേതൃത്വത്തിൽ വളരെ ആഘോഷപൂർവ്വമാണ് സംഘടിപ്പിച്ചത്. കുളങ്ങരത്ത് പ്രദേശത്തുകാർ വലിയ ആഘോഷമാക്കി മാറ്റി. അങ്കണവാടികളിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നിലവിലുള്ള കുട്ടികൾക്ക് കളി കോപ്പുകൾ വിതരണം ചെയ്തു. പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സജീവ് കുമാർ സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ രാജിത പതേരി, എ.പി.പ്രജിത, കൗൺസിലർ കെ.നിഷ പ്രദേശത്തെ രാഷ്ട്രീയപാർട്ടി നേതാക്കന്മാരായ കെ.സി പവിത്രൻ മാസ്റ്റർ, എം.സി ഇബ്രാഹിം, എ.വി രാജൻ, കെ പ്രകാശൻ, കെ.സുനിൽ, കുളങ്ങരത്ത് സുധീർ, അങ്കണവാടി വർക്കർ ചിത്ര, വെൽഫെയർകമ്മിറ്റി കൺവീനർ കെ.വിജയൻ എന്നിവർ സംസാരിച്ചു. നഗരസഭാ അസിസ്റ്റന്റ് എൻജിനീയർ ജിതിൻ നാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ഓവർസിയർ ലജീഷ് ചടങ്ങിന് നന്ദി പറഞ്ഞു.

Summary: Children can fly like butterflies; A baby-friendly Anganwadi built at Kulangarat in Vadakara municipality was dedicated to the nation