ചാലിയത്ത് ശൈശവ വിവാഹം അധികൃതര്‍ വിവാഹപ്പന്തലിലെത്തി തടഞ്ഞു; വിവാഹവിവരം അധികൃതരെ അറിയിച്ചത് പെണ്‍കുട്ടി
കോഴിക്കോട്: കടലുണ്ടി ചാലിയം ജംഗ്ഷന്‍ ഫാറൂഖ് പള്ളി പ്രദേശത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനാറുകാരിയാണ് വിവാഹത്തെ സംബന്ധിച്ച വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്.
കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും അധികൃതര്‍ വിവാഹപ്പന്തലിലെത്തി ചടങ്ങ് തടയുകയുമായിരുന്നു. കൗണ്‍സിലിംഗിനായി കുട്ടിയെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
വിവാഹം നിര്‍ത്തിവെക്കണമെന്ന മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം ബുധനാഴ്ച തന്നെ പെണ്‍കുട്ടിയുടെ അച്ഛന് കൈമാറിയിരുന്നു. എന്നാല്‍ വിവാഹമല്ല വിവാഹ നിശ്ചയമാണ് നടത്തുന്നതെന്ന നിലപാടിലായിരുന്നു കുടുംബം.
ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച സബ് കലക്ടര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘം വീട്ടിലെത്തുകയും ചടങ്ങ് തടയുകയുമായിരുന്നു. ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ഓഫീസര്‍, ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ബേപ്പൂര്‍ പോലീസ്, ജുവനൈല്‍ പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്.
ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന ചൈല്‍ഡ് ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.