‘ജനങ്ങളെ സഹായിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു ജോലി വേറെയില്ല’; മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തിളക്കത്തില്‍ ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശി ദിനേശ്‌


കണ്ണൂര്‍: ആഗ്രഹിച്ച് സ്വന്തമാക്കിയ ജോലിക്ക് അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശിയായ ദിനേഷ്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലാണ് ദിനേഷിനെ തേടിയെത്തിരിക്കുന്നത്. പഠനകാലത്ത് തന്നെ പോലീസുകാരനാവണം എന്നതായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ സ്വപ്‌നം നേടിയെടുക്കാനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീടുള്ള നാളുകളെല്ലാം. ഏറ്റവുമൊടുവില്‍ 2008ല്‍ എസ്.ഐയായി കണ്ണൂര്‍ പെരിങ്ങോം സ്‌റ്റേഷനില്‍ ജോയിന്‍ ചെയ്തു.

ഇന്ന് തിരിഞ്ഞ്‌നോക്കുമ്പോള്‍ സംഭവബഹുലമായിരുന്നു നീണ്ട 17 വര്‍ഷത്തെ സര്‍വ്വീസ്. ഇതിനിടയില്‍ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച പല കേസുകളുടെയും അന്വേഷണ സംഘത്തില്‍ ദിനേഷുമുണ്ടായിരുന്നു. വളപട്ടണം ISIS കേസ്, ഷുഹൈബ് വധക്കേസ്, യുവമോര്‍ച്ച പ്രവര്‍ത്തകനായ ശ്യാമപ്രസാദിന്റെ കൊലപാതകം തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടവയാണ്. മാത്രമല്ല സര്‍വ്വീസ് കാലയളവില്‍ 115 ഗുഡ് സര്‍വ്വീസ് എന്‍ട്രികളും ദിനേശിന് ലഭിച്ചിട്ടുണ്ട്‌.

കണ്ണൂരില്‍ എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലും അംഗമായിരുന്നു. അക്കാലത്ത് നിരവധി കേസുകളാണ് അന്വേഷിച്ചത്. അഗ്രഹിച്ച് വന്നതിനാല്‍ തന്നെയും പോലീസുകാരനാവണം എന്നാഗ്രഹിക്കുന്നവരോട് ദിനേഷിന് ഒന്നേ പറയാനുള്ളൂ ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ജോലിയാണ് പോലീസ്. സാമൂഹ്യ സേവനം ചെയ്യാന്‍ ഇതിനേക്കാള്‍ മികച്ച മറ്റൊരു ജോലിയില്ല.

അവാര്‍ഡ് തിളക്കത്തില്‍ നില്‍ക്കുമ്പോഴും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ള ഓട്ടത്തിലാണ് ഈ പോലീസുകാരന്‍. വിദ്യയാണ് ഭാര്യ. മക്കള്‍: ദിയ, ദൻവിദ്.