വടകര ജില്ലാ ആശുപത്രി കെട്ടിട ശിലാസ്ഥാപനം ഏപ്രില്‍ 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
വടകര: വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ഏപ്രില്‍ 12 ന് പകല്‍ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമില്‍ (പിഎംജെവികെ) ജില്ലയില്‍ അനുവദിച്ച പദ്ധതി പ്രകാരമാണ് നിർമ്മാണം നടക്കുന്നത്.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ജോര്‍ജ് കുര്യന്‍ വിശിഷ്ടാതിഥിയാകും. മന്ത്രിമാരായ വീണ ജോര്‍ജ്, പി എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ആറു നിലകളിലായി 83.08 കോടി രൂപ ചെലവില്‍ 14,329.08 ചതുരശ്ര മീറ്ററില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് ആശുപത്രി പണിയുന്നത്.
ആറ് ഓപ്പറേഷന്‍ തിയ്യേറ്ററുകള്‍, 123 കിടക്കകളുള്ള പുരുഷ- വനിതാ വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, 22 കിടക്കകളുള്ള എസ് ഐ.സി.യു, 14 കിടക്കകളുള്ള പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡ്, 25 കിടക്കകളുള്ള എമര്‍ജന്‍സി കെയര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

പദ്ധതിയില്‍ ബേസ്‌മെന്റ് ഫ്‌ലോറിലും പുറത്തുമായി 294 പാര്‍ക്കിംഗ് സൗകര്യം, രോഗികള്‍ക്കും ജീവനക്കാര്‍ക്കും സഞ്ചരിക്കാന്‍ ആറ് ലിഫ്റ്റുകള്‍, കാത്തിരിപ്പ് സ്ഥലം, സ്റ്റോറേജ് സംവിധാനമുള്ള ഫാര്‍മസി, വലിയ കാത്തിരിപ്പ് സ്ഥലമുള്ള 24 ഒ.പി മുറികള്‍, നൂതന ലാബ്- റേഡിയോളജി വകുപ്പ്, രക്തബാങ്ക് യൂണിറ്റ്, ഓഫീസുകളും കോണ്‍ഫറന്‍സ് ഹാള്‍ സൗകര്യങ്ങളുമുള്ള അഡ്മിനിസ്‌ട്രേഷന്‍ ഏരിയ, അടുക്കള, ഡൈനിംഗ് സൗകര്യങ്ങള്‍, നൂതന സിഎസ്എസ്ഡി യൂണിറ്റ് മലിനജല സംസ്‌കരണ പ്ലാന്റിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നതാണ് നിര്‍മാണ പദ്ധതി.
Summary: Chief Minister Pinarayi Vijayan will lay the foundation stone of the Vadakara District Hospital building on April 12