മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്; കനത്ത സുരക്ഷയൊരുക്കി പൊലീസ്, നഗരത്തിൽ ഗതാഗത നിയന്ത്രണം


കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോഴിക്കോട് നഗരത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ തരത്തില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് കോഴിക്കോട്ടും പൊലീസ് ഒരുക്കിയിരിക്കുന്നത്.

മൂന്ന് പരിപാടികളാണ് മുഖ്യമന്ത്രിക്ക് കോഴിക്കോട് ഉള്ളത്. അദ്ദേഹം കടന്നു പോകുന്ന ഓരോ റൂട്ടിന്റെയും സുരക്ഷാ ചുമതല എട്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കാണ്. പരിപാടികള്‍ നടക്കുന്ന മൂന്ന് വേദികളിലുമായി അഞ്ഞൂറോളം പൊലീസുകാര്‍ ഉണ്ടാകും. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് എത്തുന്നവര്‍ക്ക് മാത്രമേ വേദിയിലേക്ക് പ്രവേശനമുണ്ടാകൂ.

മുഖ്യമന്ത്രി കടന്നുപോവുന്ന സമയത്ത് മിനി ബൈപ്പാസില്‍ എരഞ്ഞിപ്പാലംമുതല്‍ അരയിടത്ത്പാലംവരെയും ക്രിസ്ത്യന്‍കോളേജിനു സമീപം കണ്ണൂര്‍ റോഡിലൂം പൂര്‍ണ ഗതാഗതനിയന്ത്രണമുണ്ടാവും.

ഒരുതരത്തിലും പ്രതിഷേധങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള സുരക്ഷാമുന്‍കരുതലാണ് ഒരുക്കിയതെന്ന് പോലീസ് പറഞ്ഞു. തവനൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്തശേഷം ഉച്ചയോടെയാണ് മുഖ്യമന്ത്രി കോഴിക്കോട്ടെത്തുക. കോഴിക്കോട് രൂപതാ ശതാബ്ദി ആഘോഷം, ജില്ലാ സഹകരണ ആശുപത്രിയുടെ കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗത്തിന്റെ കെട്ടിടോദ്ഘാടനം, കെ.ചാത്തുണ്ണി മാസ്റ്ററെ അനുസ്മരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം തുടങ്ങി മൂന്നുപരിപാടികള്‍ക്കായാണ് മുഖ്യമന്ത്രി കോഴിക്കോട്ട് എത്തുന്നത്.