ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 29ന്; നിലവിലെ കക്ഷി നിലയനുസരിച്ച് തിരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും നിര്‍ണായകം



പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 29-ന് നടക്കും. നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇടതു മുന്നണിയിലെ ഇ.ടി രാധ മരിച്ചതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.

നിലവില്‍ ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും നിര്‍ണായകമാണ്. 15 അംഗ ഭരണസമിതിയില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ്. ഭരിച്ചിരുന്നത്. പ്രസിഡന്റ് മരിച്ചതോടെ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴ് വീതം അംഗങ്ങളായി മാറി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടിങ് തുല്യമായാല്‍ നറുക്കെടുപ്പിലൂടെയാകും പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.

പട്ടികജാതി സംവരണമാണ് പ്രസിഡന്റ് സ്ഥാനം. യു.ഡി.എഫിന് ഒരാളും എല്‍.ഡി.എഫിന് രണ്ടുപേരും നിലവില്‍ പട്ടികജാതി വിഭാഗത്തില്‍നിന്നുണ്ട്. ജില്ലയില്‍ ഇടതുമുന്നണിയില്‍ സി.പി.ഐ.ക്ക് പ്രസിഡന്റ് സ്ഥാനം നല്‍കിയിട്ടുള്ള ഏക പഞ്ചായത്തായിരുന്നു ചെറുവണ്ണൂര്‍. അതോടെയാണ് നേരത്തെ 15-ാം വാര്‍ഡില്‍ (കക്കറമുക്ക്) നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇ.ടി രാധ പ്രസിഡന്റായത്.

ഇപ്പോഴത്തെ മത്സരത്തില്‍ സി.പി.ഐ.ക്ക് പട്ടികജാതി വിഭാഗത്തില്‍നിന്ന് അംഗങ്ങളാരുമില്ല. അതിനാല്‍ സി.പി.എമ്മാകും മത്സരിക്കുക.15-ാം വാര്‍ഡില്‍ പഞ്ചായത്തംഗത്തെ തിരഞ്ഞെടുക്കാനും വൈകാതെ തിരഞ്ഞെടുപ്പ് വേണ്ടി വരും.

നിലവിലെ കക്ഷി നില സി.പി.ഐ.എം-5, സി.പി.ഐ-1, ഐ.എന്‍.സി-5, ഐ.യു.എം.എല്‍-2, എല്‍.ജെ.ഡി-1.

summary: cheruvannur panchayat president election on october 29th