ഏഴ് വീതം മെമ്പർമാർ, ഭരണം നിലനിർത്താൻ ഇരു പാർട്ടികൾക്കും വിജയം അനിവാര്യം; ചെറുവണ്ണൂര്‍ ഉപതെരഞ്ഞെടുപ്പ് അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടികയായി, നാല് അപരകള്‍ രംഗത്ത്


ചെറുവണ്ണൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15 വാര്‍ഡായ കക്കറമുക്കില്‍ വിജയം ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകം. ഭരണത്തെപ്പോലും മാറ്റിക്കുറിക്കാവുന്ന തെരഞ്ഞെടുപ്പ് ജയിക്കുക എന്നത് മുന്നണി പാര്‍ട്ടികളുടെ വെല്ലുവിളിയായ സാഹചര്യത്തില്‍ വിജയത്തിലേക്കുള്ള കുറുക്കുവഴിപോലെയാണ് അപരര്‍. വോട്ട് തട്ടിമറിച്ചിടാന്‍ ഇരുപാര്‍ട്ടികള്‍ക്കും മുന്നില്‍ കടമ്പയായി രണ്ട് അപരകള്‍ വീതമാണുള്ളത്.

നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഇന്നലെ അവസാനിച്ചതോടെ നാല് സ്വതന്ത്രരടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സി.പി.ഐ.യിലെ കെ.സി. ആസ്യ, യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മുസ്ലിംലീഗിലെ പി. മുംതാസ്, ബി.ജെ.പി. സ്ഥാനാര്‍ഥിയായി എം.കെ. ശലിനയും മത്സരിക്കും. കൂടാതെ അപരരായ ആസ്യ, ആസ്യ കെ., കൊമ്മിണിയോട്ടുമ്മല്‍ മുംതാസ്, മഞ്ചേരിതറവട്ടത്ത് മുംതാസ് എന്നിവര്‍ സ്വതന്ത്രസ്ഥാനാര്‍ഥികളായും രംഗത്തുണ്ട്.

ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന വാര്‍ഡായതുകൊണ്ട് അപരകള്‍ പിടിക്കുന്ന വോട്ടുകള്‍ വിജയം തട്ടിത്തെറുപ്പിച്ചേക്കാം. കഴിഞ്ഞ തവണ വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തെക്കാള്‍ രണ്ട് വോട്ട് കൂടുതല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ അപര നേടിയിരുന്നു. ഇതുകണ്ടാണ് ഇരു മുന്നണികളും അപരകളെ നിര്‍ത്തിയത്.

പതിനഞ്ച് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ നിലവില്‍ ഇരുമുന്നണികള്‍ക്കും ഏഴുവീതം സീറ്റുകളാണുള്ളത്. പ്രസിഡന്റും 15ാം വാര്‍ഡ് അംഗവുമായിരുന്ന ഇ.ടി. രാധ അന്തരിച്ചതിനെ തുടര്‍ന്ന് ആദ്യം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നു. ഇതില്‍ ഇരുമുന്നണികളും ഏഴു വീതം സീറ്റുകള്‍ നേടിയതോടെ നറുക്കെടുപ്പ് നടക്കുകയും ഭാഗ്യം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.ടി. ഷിജിത്തിനെ തുണക്കുകയും ചെയ്യുകയായിരുന്നു.

പഞ്ചായത്ത് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പായതുകൊണ്ടുതന്നെ മുന്നണികള്‍ തമ്മിലുള്ള വീറും വാശിയും കൂടുതലാണ്. എല്‍.ഡി.എഫില്‍ സി.പി.ഐയും യു.ഡി.എഫില്‍ മുസ്ലിം ലീഗുമാണ് മത്സരരംഗത്തുള്ളത്. ഇരു മുന്നണികളുടെയും ഒന്നാം ഘട്ട പ്രചാരണം അവസാനിച്ചു. സംസ്ഥാന രാഷ്ട്രീയവും പ്രാദേശിക വികസന പ്രശ്‌നങ്ങളുമെല്ലാം പ്രചാരണ വിഷയമാവുന്നുണ്ട്.

‘മുംതാസ് ജയിക്കണം, ഷിജിത്ത് തുടരണം’ എന്നാണ് യു.ഡി.എഫ് മദ്രാവാക്യം. എന്നാല്‍, ഏതു വിധേനയും സീറ്റ് നിലനിര്‍ത്തി പ്രസിഡന്റ് പദം തിരികെ പിടിക്കുകയെന്നതാണ് എല്‍.ഡി.എഫ് ലക്ഷ്യം.

28നാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് ഒന്നിന് വോട്ടെണ്ണും.

summary: Cheruvannur by election 4 others are in the final candidate list