ചങ്ങരോത്ത് പഞ്ചായത്തിലെ ചെറുപുഴയില്‍ കല്ലൂര്‍ പാറക്കടവത്ത് പാലം നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ ചെറുപുഴയില്‍ കല്ലൂര്‍ പാറക്കടവത്ത് പാലം നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു. പുഴയിലുള്ള രണ്ട് തൂണുകളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. പൈലിങ് ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

കുറ്റ്യാടിപ്പുഴയുടെ കൈവഴിയാണ് ചെറുപുഴ. 7.70 കോടി രൂപ ചെലവിലാണ് പാറക്കടവത്ത് പാലം നിര്‍മ്മിക്കുന്നത്. 55.20 മീറ്റര്‍ നീളമുള്ള പാലത്തിന് 18 മീറ്റര്‍ നീളമുള്ള മൂന്ന് സ്പാനുകളാണ് ഉണ്ടാവുക.

11 മീറ്റര്‍ വീതിയുള്ള പാലത്തില്‍ ഏഴര മീറ്റര്‍ വീതിയിലാണ് റോഡ് ഉണ്ടാവുക. ഇരുഭാഗത്തും 100 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡ് നിര്‍മ്മിക്കും. പുഴയുടെ തീരം സംരക്ഷിക്കാനായി പാലത്തിന് സമീപം കരിങ്കല്‍ഭിത്തിയും നിര്‍മ്മിക്കുന്നുണ്ട്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണത്തിന്റെ ചുമതല. ഒന്നര വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍.

കല്ലൂരില്‍നിന്ന് മുതുവണ്ണാച്ച പുറവൂര്‍ ഭാഗത്തേക്കാണ് പാലം വഴിയെത്തുക. പാലം വരുന്നതോടെ പേരാമ്പ്രയില്‍ നിന്ന് മൂരികുത്തിവഴി തേക്കേടത്ത് കടവ്, വേളം, കുറ്റ്യാടി ഭാഗത്തേക്കും തീക്കുനി വഴി വടകര ഭാഗത്തേക്കെല്ലാം എളുപ്പവഴിയൊരുങ്ങും.

കല്ലൂര്‍-കടിയങ്ങാട് റോഡില്‍ പാറക്കടവത്ത് താഴെ ഭാഗത്താണ് ഒരുവശത്തെ അപ്രോച്ച് റോഡ് വന്നുചേരുക. എതിര്‍ഭാഗത്ത് നേരത്തെ ഒരു ചെമ്മണ്‍പാതയുണ്ട്. അത് വീതികൂട്ടി ടാറിങ് നടത്തിയാല്‍ മതിയാകും. അതുവഴി അരക്കിലോമീറ്ററോളം സഞ്ചരിച്ചാല്‍ മുതുവണ്ണാച്ച പുറവൂര്‍ ഭാഗത്തെത്തും.