ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രം; കർക്കിടക വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ


വടകര: ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലി തർപ്പണത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് മൂന്നിന് പുലർച്ചെ നാലുമണി മുതൽ ബലിതർപ്പണം ആരംഭിക്കും. കുറ്റ്യാടിപ്പുഴയും വടകര മാഹികനാലും സംഗമിക്കുന്ന മാങ്ങാം മൂഴിയിലാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുക.

കഴിഞ്ഞവർഷം 3000 ത്തോളം ആളുകൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ വർഷം കൂടുതൽ ആളുകൾ ഉണ്ടാവും എന്നാണ് ക്ഷേത്ര കമ്മറ്റി പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര സംരക്ഷണ സമിതി ഏർപ്പെടുത്തിയിട്ടുള്ളത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

കുറ്റ്യാടി എംഎൽഎ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിശാലമായ കുളിക്കടവിൽ ഈ വർഷം ഒരേസമയം 300 ആളുകൾക്ക് ബലിതർപ്പണം നടത്താൻ കഴിയും. മൂഴിക്കലിൽ പുതിയ പാലം വന്നതോടെ പേരാമ്പ്രയിൽ നിന്നും ആയഞ്ചേരി തിരുവള്ളൂർ ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് ചാനിയംകടവ് വഴി മൂഴിക്കലേക്ക് എത്താവുന്നതാണ്.

കോഴിക്കോട് ശ്രേഷ്ഠാചാര സഭയാണ് ബലിതർപ്പണ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത്. ബലിതർപ്പണത്തി നെത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ആർ.എം.പവിത്രൻ സെക്രട്ടറി പ്രജീഷ് മൂഴിക്കൽ എന്നിവർ പറഞ്ഞു.