രാസപരിശോധനയിൽ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് തെളിഞ്ഞു; മാസങ്ങളായി ജയിലിൽ കഴിയുന്ന യുവാവിനും യുവതിക്കും ജാമ്യം അനുവദിച്ച് വടകര കോടതി
വടകര: എംഡിഎംഎ കൈവശം വച്ചെന്ന കുറ്റം ആരോപിച്ച് റിമാൻഡിലായ പ്രതികള്‍ക്ക് സ്വന്തം ജാമ്യം അനുവദിച്ച് വടകര കോടതി. പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്ന് രാസ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം.
പുതുപ്പാടി അനോറേമ്മലുള്ള വാടക വിട്ടില്‍ നിന്ന് 58.53 ഗ്രാം എംഡിഎംഎയുമായി തച്ചംപൊയില്‍ ഇരട്ടകുളങ്ങര റെജീനയെ താമരശ്ശേരി പോലീസാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് പരപ്പന്‍ പൊയില്‍ സ്വദേശി സനീഷ് കുമാറിനേയും കേസില്‍ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. എട്ടുമാസത്തിന് ശേഷം പിടിച്ചെടുത്ത മയക്കുമരുന്നിന്റെ രാസ പരിശോധനാ ഫലം വന്നു. പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്നായിരുന്നു പരിശോധനയിൽ കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് വടകര നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി വി.ജി.ബിജു ഇരുവര്‍ക്കും സ്വന്തം ജാമ്യം അനുവദിച്ചത്. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകന്‍ പി.പി.സുനില്‍ കുമാര്‍ ഹാജരായി.

Description: Chemical tests show that what was seized was not MDMA; Vadakara court grants bail to young man and woman who have been in jail for months