ഇൻസ്റ്റഗ്രാം വഴി ചാറ്റ്, യുവതിയിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ; കൊയിലാണ്ടി സ്വദേശികളായ രണ്ടു പേർ ഉൾപ്പെടെ പ്രതികൾ പിടിയിൽ


കൊയിലാണ്ടി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വഞ്ചിച്ച് ഓൺലൈൻ വഴി പണം തട്ടിയെടുത്ത കൊയിലാണ്ടി സ്വദേശികളടക്കമുള്ള പ്രതികൾ പിടിയിൽ. വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തിരുവനന്തപുരം കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്.

കോഴിക്കോട് – കൊടുവള്ളി സ്വദേശി സെയ്‌ഫുൾ റഹ്‌മാൻ, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്‌ണൻ, അഖിൽ ബാബു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോഴിക്കോട് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നുവെന്നാണ് വിവരം. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.

ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ യുവതിയെ പരിചയപ്പെട്ടത്. ആദ്യം ആയിരം രൂപ വീട്ടമ്മ നൽകിയപ്പോൾ പിറ്റേദിവസം അവർക്ക് 1300 രൂപ തിരികെ ലഭിച്ചു. തുടർന്ന് 3000 രൂപ നൽകിയപ്പോൾ പിറ്റേന്ന് 3300 തിരികെ ലഭിച്ചു.

ഇത്തരത്തിൽ വിശ്വാസ്യത ആർജിച്ചെടുത്തു. പിന്നെ 50,000 രൂപ ഇട്ടു, 53,000 രൂപ ലഭിച്ചു. തുടർന്ന് 80,000 രൂപ നൽകി. എന്നാൽ തിരികെ പണം ലഭിക്കാത്തപ്പോൾ ഇവരെ ബന്ധപ്പെട്ടു. എന്നാൽ അക്കൗണ്ട് ബ്ലോക്കായതിനാൽ പണം നൽകാൻ സാധിക്കുന്നില്ലെന്നും ഒരു ലക്ഷം രൂപ അയച്ചു തരണമെന്നും അറിയിച്ചു. തുടർന്ന് സമാനരീതിയിൽ അഞ്ച് ലക്ഷത്തോളം രൂപ വീട്ടമ്മ നൽകി.

അക്കൗണ്ട് ബ്ലോക്ക് മാറിയാൽ പലിശ ഉൾപ്പെടെ പണം തിരികെ നൽകാമെന്നായിരുന്നു അറിയിച്ചത്. ഈ വിശ്വാസത്തിൽ സ്വർണ്ണം പണയം വെച്ചായിരുന്നു വീട്ടമ്മ പണം അയച്ചു കൊടുത്തത്. പല യു.പി.ഐ. അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ പണം അയച്ചു കൊടുത്തതെന്നാണ് വീട്ടമ്മ പറഞ്ഞത്.

കഴിഞ്ഞ ജൂലൈയിലാണ് ഇതും സബന്ധിച്ച് പൊലീസിൽ പരാതിപ്പെട്ടത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് പരാതിയിലാണ് പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

Summary: Chat through Instagram, extorted lakhs from young woman; The accused, including two natives of Koyilandy, have been arrested