കടുത്ത പനി, ശരീരത്തില്‍ ഓക്‌സിജന്റെ അളവും കുറഞ്ഞതോടെ നില ഗുരുതരമായി; ചങ്ങരോത്ത് പനി ബാധിച്ച് മരിച്ച റനാ ഫാത്തിമയുടെ കബറടക്കം കൂരാച്ചുണ്ട് പള്ളിയില്‍


പേരാമ്പ്ര: സാധാരണ വൈറല്‍ പനി അഞ്ച് വയസുകാരി റനാ ഫാത്തിമയുടെ ജീവനെടുത്തതിന്റെ ഞെട്ടലിലാണ് ചങ്ങരോത്ത് സ്വദേശികള്‍. മൂന്നുദിവസം മുമ്പാണ് റനാ ഫാത്തിമയ്ക്ക് പനി വന്നത്. ഉടനെ തന്നെ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ പനി കൂടിയതോടെ കൂരാച്ചുണ്ടിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഓക്‌സിജന്‍ ലെവല്‍ കുറവാണെന്നും ഉടനെ മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്നും പറഞ്ഞതുപ്രകാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് റനാ ഫാത്തിമ മരണത്തിനു കീഴടങ്ങിയത്.

ചങ്ങരോത്ത് എം.യു.പി സ്‌കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ഥിനിയാണ് റനാഫാത്തിമ. ക്ലാസിലെ വളരെ ആക്ടീവായ വിദ്യാര്‍ഥിനിയായിരുന്നു റനാ ഫാത്തിമ. പഠന -പഠനേതര പ്രവര്‍ത്തനങ്ങളില്‍ ഏറെമിടുക്കിയായിരുന്നു. സ്‌കൂളിലെ ഏറ്റവും അവസാനത്തെ പ്രവൃത്തി ദിനമായ സെപ്തംബര്‍ 30 വെള്ളിയാഴ്ച ഹിദായ നഴ്‌സറിയില്‍ നടന്ന മാസാന്ത പരിപാടിയായ പൂമ്പാറ്റക്കളരിയില്‍ പരിപാടി അവതരിപ്പിച്ചു വിജയ കിരീടംചൂടാനും റനാ ഫാത്തിമക്കു കഴിഞ്ഞിരുന്നു.

റനാ ഫാത്തിമയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചങ്ങരോത്തെ വീട്ടിലും സമീപത്തെ പള്ളിയിലും എത്തിച്ചു. തുടര്‍ന്ന് ഉമ്മയുടെ നാടായ കൂരാച്ചുണ്ടിലേക്ക് കൊണ്ടുപോകും. ദുബൈയില്‍ ജോലി ചെയ്യുന്ന ഉപ്പ റഫീഖ് രാത്രിയോടെ നാട്ടിലെത്തിയശേഷം കൂരാച്ചുണ്ടിലെ പള്ളിയിലാണ് കബറടക്കം നടക്കുക.