സംസ്ഥാനത്ത് ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്



തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജനുവരി 15ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലർട്ട് നൽകിയത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മൂന്ന് ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട്‌ ചേർന്ന ഗൾഫ് ഓഫ് മന്നാർ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ജനുവരി 14 മുതൽ 16 വരെ തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട്‌ ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതെന്നും മുന്നറിയിപ്പുണ്ട്.

Summary: Chance of rain with thunder and lightning in the state till January 16; Yellow alert in three districts